ബംഗളൂരു: ചാമരാജ് നഗർ ബിലിഗിരി രംഗനാഥ സ്വാമി ടെമ്പിൾ (ബി.ആർ.ടി) വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്ന് 50 ഏക്കറോളം വനം കത്തിനശിച്ചു.
തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കഴിഞ്ഞ ദിവസമാണ് നിയന്ത്രണ വിധേമാക്കാൻ കഴിഞ്ഞത്. ബി.ആർ.ടി റിസർവിലെ പുനജാനൂർ-ബെഡഗുളികെ റോഡിൽ ബജബാവി മേഖലയിൽ മൂന്നിടങ്ങളിലായാണ് കാട്ടുതീ കണ്ടെത്തിയത്. വനം ജീവനക്കാർ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ബി.ആർ.ടി ടൈഗർ റിസർവ് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ദീപ ജെ. കോൺട്രാക്ടർ പറഞ്ഞു. കാട്ടുതീ പടർന്നതിനെ തുടർന്ന് ചെറുജീവികളടക്കം നിരവധി വന്യജീവികളും വെന്തുമരിച്ചിരുന്നു. എന്നാൽ, വലിയ മൃഗങ്ങൾ അപകടത്തിൽപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫെബ്രുവരിയിൽ ബി.ആർ.ടി വനമേഖലയിൽ കാട്ടുതീയിൽ 10 ഏക്കറോളം വനം നശിച്ചിരുന്നു. ഇതു സംബന്ധിച്ച് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നോഡൽ ഓഫിസറെയും നിയമിച്ചു. എന്നാൽ, ഫെബ്രുവരിയിലെ തീപിടിത്തം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഏറെ വൈകിയാണ് ഇതു സംബന്ധിച്ച് വനം മന്ത്രിയുടെ അടുക്കൽ വിവരമെത്തിയത്. ഇതോടെയാണ് നോഡൽ ഓഫിസറെയടക്കം നിയോഗിച്ച് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.