മംഗളൂരു: ആഗസ്റ്റിൽ കടൽ ആംബുലൻസ് സേവനം ആരംഭിക്കുന്നതോടെ തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യം പൂർത്തീകരിക്കപ്പെടുമെന്ന് ഫിഷറീസ്, തുറമുഖ, ഉൾനാടൻ ഗതാഗത മന്ത്രി മങ്കൽ വൈദ്യ പറഞ്ഞു. മംഗളൂരു തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക സഹകരണ സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സീ ആംബുലൻസ് സേവനത്തിനായുള്ള ടെൻഡർ നടപടികൾ പുരോഗതിയിലാണ്. കടലിലെ മത്സ്യത്തൊഴിലാളികൾക്ക് നിർണായകമായ അടിയന്തര വൈദ്യസഹായം നൽകാൻ സീ ആംബുലൻസ് സഹായിക്കും. ഇത് സമൂഹത്തിന്റെ സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്തും.
80 കോടി രൂപയുടെ മൊത്തം നിക്ഷേപത്തോടെയുള്ള മംഗളൂരു ഫിഷിങ് ഹാർബർ വികസനത്തിന്റെ മൂന്നാം ഘട്ടത്തിനൊപ്പം മറ്റു അനുബന്ധ ജോലികൾക്കും ടെൻഡറുകൾ ക്ഷണിച്ചതായി മന്ത്രി പറഞ്ഞു. നാവികക്ഷമതയും തുറമുഖ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള ഡ്രെഡ്ജിങ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഡീസൽ സബ്സിഡി ക്വോട്ട 1.5 ലക്ഷം ലിറ്ററിൽനിന്ന് രണ്ടു ലക്ഷം ലിറ്ററായി സർക്കാർ വർധിപ്പിച്ചു. സഹകരണ സംഘം പ്രസിഡന്റ് ജെ. മുഹമ്മദ് ഇസാഖ് അധ്യക്ഷതവഹിച്ചു. പുതുതായി ഉദ്ഘാടനം ചെയ്ത ഐസ് പ്ലാന്റ് യൂനിറ്റിന് മത്സ്യ സമ്പത്ത യോജനക്ക് കീഴിൽ സഹായം ലഭിക്കുമെന്ന് മത്സ്യബന്ധന വകുപ്പ് ഡയറക്ടർ ദിനേശ് കുമാർ കെ പറഞ്ഞു.
തുറമുഖ വികസനത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംഗളൂരു തുറമുഖത്തെ തിരക്ക് പരിഹരിക്കുന്നതിനായി അഞ്ചു കോടി രൂപ ചെലവിൽ കോട്ടേപുരയിൽ മിനി മത്സ്യബന്ധന ജെട്ടി നിർമിക്കുമെന്ന് ചടങ്ങിൽ നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. ബോളാറിനെയും കോട്ടേപുരയെയും ബന്ധിപ്പിക്കുന്ന മത്സ്യബന്ധന പാലത്തിനായുള്ള 200 കോടി രൂപയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഡി വേദവ്യാസ് കാമത്ത് എം.എൽ.എ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.