ബംഗളൂരു: കർണാടകയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിൽ ഈ മാസം 13ന് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച അറിയാം. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്.
കോൺഗ്രസും എൻ.ഡി.എയും തമ്മിൽ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ ആറ് മുഖ്യ സ്ഥാനാർഥികൾ ഉൾപ്പെടെ മൊത്തം 45 പേരാണ് ജനവിധി കാത്തുകഴിയുന്നത്. ചന്നപട്ടണയിൽ 31, സന്ദൂരിൽ ആറ്, ഷിഗാവിൽ എട്ട് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. മുൻ മുഖ്യമന്ത്രിയും കേന്ദ്ര ഉരുക്ക് -വൻകിട വ്യവസായ മന്ത്രിയുമായ ജെ.ഡി.എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാര സ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ചന്നപട്ടണ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കുമാര സ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയാണ് എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പിയിൽ നിന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ എത്തിയ സി.പി. യോഗേശ്വറാണ് എതിരാളി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ്. ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈയാണ് എൻ.ഡി.എ സ്ഥാനാർഥി. കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാനാണ് എതിരാളി. കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി അന്നപൂർണ, തുക്കാറാമിന്റെ ഭാര്യയാണ്. ബംഗാര ഹനുമന്തയ്യയാണ് എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.