ബംഗളൂരു: മൈസൂരു ഇൻഫോസിസ് കാമ്പസിൽ കാണാമറയത്ത് കഴിയുന്ന പുള്ളിപ്പുലിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ കോമ്പിങ് ഓപറേഷൻ അഞ്ചുദിവസം പിന്നിടുമ്പോഴും ഫലം കണ്ടില്ല. 350 ഏക്കർ വിസ്തൃതിയുള്ള കാമ്പസിൽ ഡിസംബർ 31ന് പുലർച്ച 4.30നാണ് പുലിയെ കണ്ടത്. ഫോറസ്റ്റ് കൺസർവേറ്റർ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ മാർഗനിർദേശപ്രകാരം ലെപേഡ് ടാസ്ക് ഫോഴ്സ് (എൽ.ടി.എഫ്), എലിഫന്റ് ടാസ്ക് ഫോഴ്സ് (ഇ.ടി.എഫ്) എന്നിവയിലെ 40ൽ അധികം ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചിലിൽ പങ്കാളികളായത്.
പരിസരത്ത് പട്രോളിങ് നടത്തുന്നതിനൊപ്പം കാമറ ട്രാപ്പുകളുടെയും സി.സി ടി.വിയുടെയും ദൃശ്യങ്ങൾ നിരീക്ഷിച്ചുവരുകയാണ്. കാമ്പസിനുള്ളിൽ പുലിയുടെ പുതിയ കാൽപാടുകളൊന്നും കണ്ടെത്താനായിട്ടില്ല. തിരച്ചിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 80 പേരടങ്ങുന്ന സംഘത്തെ ഉൾപ്പെടുത്തി വനംവകുപ്പ് ‘സ്വീപ്’ കോമ്പിങ് ഓപറേഷൻ നടത്തിയിരുന്നു. കാമ്പസിലുടനീളം 12 കാമറ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പുള്ളിപ്പുലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രണ്ടു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ ചലനങ്ങൾ പരിശോധിക്കാൻ തെർമൽ കാമറ ഘടിപ്പിച്ച ഡ്രോണും വിന്യസിച്ചിട്ടുണ്ട്.
ഇൻഫോസിസ് കാമ്പസിലെ ജീവനക്കാരോട് സുരക്ഷാകാരണങ്ങളാൽ മുൻകരുതൽ നടപടിയായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇൻഫോസിസ് നിർദേശിച്ചിട്ടുണ്ട്. പുള്ളിപ്പുലി ഇതിനകം കാമ്പസ് വിട്ടിരിക്കാമെന്നാണ് അനുമാനം. എന്നിരുന്നാലും, ഇതുറപ്പുവരുത്താൻ വനംവകുപ്പ് കോമ്പിങ് ഓപറേഷൻ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.