ബംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച 48 ഇടങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തി. ചില സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സംബന്ധിച്ച ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് റെയ്ഡ്. മൈസൂരു, മടിക്കേരി, ബംഗളൂരു, ബെളഗാവി, ബീദർ, ധാർവാഡ്, തുമകുരു, റായ്ച്ചൂർ, ദാവൻകരെ, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ആരംഭിച്ച റെയ്ഡിൽ ലോകായുക്ത എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 200 ഉദ്യോഗസ്ഥർ പങ്കെടുത്തു. ബംഗളൂരുവിൽ 10 ഇടങ്ങളിലായാണ് റെയ്ഡ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ലോകായുക്ത അറിയിച്ചു.
കുടക് ജില്ല അഡി. ഡെപ്യൂട്ടി കമീഷണർ ഡോ. നഞ്ചുണ്ടെ ഗൗഡയുടെ മടിക്കേരിയിലെ വസതിയിൽ പുലർച്ച നാലുമുതൽ നടന്ന പരിശോധനയിൽ കണക്കിൽപെടാത്ത 11 ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. അനധികൃത സ്വത്തുക്കളുടെയും ഭൂമിയുടെയും രേഖകളും കണ്ടെടുത്തു.
ഡിവൈ.എസ്.പി പവൻകുമാറിന്റെയും മൂന്നു ലോകായുക്ത ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ 10 അംഗ സംഘമാണ് മടിക്കേരിയിലെ ഫീൽഡ് മാർഷൽ കരിയപ്പ സർക്കിളിലെ വീട്ടിൽ പരിശോധന നടത്തിയത്. ഇയാളുടെ ഭാര്യാപിതാവിന്റെ പെരിയപട്ടണത്തിനടുത്ത മകനഹള്ളി ഗ്രാമത്തിലെ വീട്ടിലും മൈസൂരുവിലെ ബന്ധുവീടുകളിലും ഒരേസമയം പരിശോധന നടന്നു. 2022 ഫെബ്രുവരി 21നാണ് നഞ്ചുണ്ടെ ഗൗഡ കുടക് എ.ഡി.സിയായി ചുമതലയേറ്റത്. 2015 മുതൽ ജില്ലയിൽ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് പെരിയപട്ടണയിൽ തഹസിൽദാറായിരുന്നു.
ഹാരംഗി ഡാം സൂപ്രണ്ട് എൻജിനീയർ കെ.കെ. രഘുപതിയുടെ മൈസൂരു വിജയനഗർ ഫോർത്ത് സ്റ്റേജിലെ വസതിയിലും റെയ്ഡ് നടന്നു. ഇയാളുടെ വീട്ടിൽനിന്ന് സ്വർണം, വില്ലയുമായി ബന്ധപ്പെട്ട രേഖകൾ, വെള്ളി ആഭരണങ്ങൾ, ലക്ഷക്കണക്കിന് രൂപ തുടങ്ങിയവയും പിടിച്ചെടുത്തു. ബെളഗാവി സിറ്റി കോർപറേഷൻ അസി. കമീഷണർ സന്തോഷ് അനിഷെട്ടറിന്റെ ധാർവാഡ് മിച്ചിഗൻ ലേഔട്ടിലെ വസതിയിലും പുലർച്ച നാലുമുതൽ റെയ്ഡ് നടന്നു. ഇയാൾ നേരത്തേ ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപറേഷനിൽ ജോലി ചെയ്തിരുന്നു. കൊപ്പാലിലെ നിർമിതി സെന്റർ മാനേജർ മഞ്ജുനാഥ് ബന്നിക്കൊപ്പയുടെ വസതിയിലും ഇയാൾ നിക്ഷേപം നടത്തിയതായി കരുതുന്ന ഹുളിഗി ടൗണിലെ ലോഡ്ജിലും പരിശോധന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.