ബംഗളൂരു: ബംഗളൂരു സ്ഫോടന ക്കേസിലെ വിചാരണയുടെ പേരിൽ വർഷങ്ങൾ നീണ്ട കാരാഗൃഹ വാസത്തിനും ‘വീട്ടുതടങ്കലിനും’ ഒടുവിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി വ്യാഴാഴ്ച കേരളത്തിലെത്തുന്നു. സുപ്രീംകോടതി അനുവദിച്ച പൂർണ ജാമ്യത്തിലാണ് മഅ്ദനിയുടെ തിരിച്ചുവരവ്.
വ്യാഴാഴ്ച രാവിലെ 11.40ന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്ര. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. റജീബ്, സഹായികളായ ഷാനവാസ്, മുബശ്ശിർ, ഹസൻ എന്നിവർക്കൊപ്പം ഉച്ചക്ക്ഒരു മണിയോടെ തിരുവനന്തപുരത്തെത്തുന്ന മഅ്ദനി കാർ മാർഗം കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ കലശലായതിനാൽ തുടർ ചികിത്സ തന്നെയാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള മടക്കത്തിന്റെ പ്രധാന ലക്ഷ്യം.
2008 ജൂലൈ 25ന് ഒരാളുടെ മരണത്തിനും 20 പേർക്ക് പരിക്കേൽക്കാനും കാരണമായ ബംഗളൂരു സ്ഫോടന പരമ്പരയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ 32ാം പ്രതിയാണ് മഅ്ദനി. 1998ലെ കോയമ്പത്തൂർ സ്ഫോടന ക്കേസിൽ വിചാരണത്തടവുകാരനായി ഒമ്പതുവർഷം ജയിലിൽ കഴിഞ്ഞശേഷം 2007 ആഗസ്റ്റിൽ കോടതി കുറ്റമുക്തനാക്കി നാട്ടിൽ തിരിച്ചെത്തിയ മഅ്ദനിയെ ബംഗളൂരു സ്ഫോടന ക്കേസിലുൾപ്പെടുത്തി 2010 ആഗസ്റ്റ് 17നാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
നാലുവർഷത്തോളം ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ. അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത് 2014 ജൂലൈയിൽ ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചതാണ് ആശ്വാസമായത്. ബംഗളൂരു നഗരം വിട്ടുപോകരുതെന്ന ജാമ്യ ഉപാധിയെത്തുടർന്ന് അദ്ദേഹം ബെൻസൻ ടൗണിലെ വസതിയിലേക്ക് താമസം മാറ്റി.
ജയിൽവാസത്തിൽനിന്ന് മോചനമായെങ്കിലും വീട്ടുതടങ്കൽ പോലെയായിരുന്നു പിന്നീടുള്ള ജീവിതം. ഒരു വർഷത്തോളം ചികിത്സയുമായി ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയിൽ കഴിഞ്ഞു.
ബംഗളൂരു കേസിൽ അറസ്റ്റിലായശേഷം പരോളടക്കം അഞ്ചു തവണയാണ് മഅ്ദനിക്ക് കേരളം സന്ദർശിക്കാൻ കർശന ഉപാധികളോടെ അനുമതി ലഭിച്ചത്.
പലപ്പോഴും വിചാരണ കോടതി അനുമതി നിഷേധിച്ചതോടെ പരമോന്നത നീതിപീഠത്തെ സമീപിക്കേണ്ടിയും വന്നു. ഏറ്റവുമൊടുവിലെ യാത്രകളിൽ വൻ സാമ്പത്തിക ബാധ്യത മഅ്ദനിയുടെ മേൽ കെട്ടിവെച്ച് യാത്ര തടസ്സപ്പെടുത്താൻ കർണാടക മുൻ ബി.ജെ.പി സർക്കാറിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായപ്പോഴും സുപ്രീംകോടതി നീതിയുടെ ആശ്വാസം പകർന്നു. കടുത്ത അനാരോഗ്യത്തിനിടയിലും ക്ഷമയോടെയും പ്രാർഥനയോടെയും വിചാരണക്കാലത്തെ നേരിട്ട അബ്ദുന്നാസിർ മഅ്ദനി പൂർണ ജാമ്യം ലഭിച്ച് നാടണയുമ്പോൾ, ഇതേ കേസിൽ പരപ്പനങ്ങാടിയിലെ സകരിയ്യ അടക്കമുള്ള നിരവധി പേർ വിചാരണ അനന്തമായി നീണ്ട് തടവുകാരായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.