ബംഗളൂരു: മൂന്നുദിവസങ്ങളായി ബംഗളൂരുവിൽ നടന്ന ‘മിറാജ്’ അറബിക് കാലിഗ്രഫി പ്രദർശനത്തിൽ മലയാളി കലാകാരന്മാർ ശ്രദ്ധനേടി. ഇന്തോ ഇസ്ലാമിക് ആർട്ട് ആൻഡ് കൾച്ചറിന്റെയും (ഐ.ഐ.ഐ.എ.സി), ബെയറിസ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലായിരുന്നു പ്രദർശനം. എട്ടുരാജ്യങ്ങളിൽ നിന്നുള്ള 50ൽ അധികം കലാകാരന്മാരാണ് പങ്കെടുത്തത്. കേരളത്തിൽ നിന്ന് ജീഹാൻ കോട്ടയിൽ ഹൈദർ, അൻഫസ് വണ്ടൂർ എന്നിവരാണ് പങ്കെടുത്തത്. ഐ.ഐ.ഐ.എ.സി പ്രിൻസിപ്പൽ ഉസ്താദ് മുഖ്ദാർ അഹ്മദിന്റെ കീഴിലാണ് ഇവർ കാലിഗ്രഫി അഭ്യസിക്കുന്നത്. മലപ്പുറം മഞ്ചേരി മുള്ളമ്പാറയാണ് ജീഹാന്റെ സ്വദേശം. ഭർത്താവ് അമീൻ അലിയോടൊപ്പം ബംഗളൂരുവിലാണ് താമസം. കോട്ടയിൽ ഹൈദറിന്റെയും ഖദീജയുടെയും മകളാണ്. വണ്ടൂർ സ്വദേശിയായ അൻഫസ് പരേതനായ കുറ്റിയിൽ ശംസുദ്ദീന്റെയും സുബൈദയുടെയും മകനാണ്. മലപ്പുറം മഅദിൻ അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ‘മാതാപിതാക്കളോടുള്ള കാരുണ്യം’, ‘ആയത്തുൽ കുർസി’ എന്നിവയാണ് ജീഹാൻ കാലിഗ്രഫി ചെയ്തത്. ‘പ്രവാചകൻ മുഹമ്മദ്’, ‘ആമനർറസൂൽ’ എന്നിവയാണ് അൻഫസ് വരച്ചത്.
കാലിഗ്രഫി ചിത്രങ്ങളുടെ പ്രദർശനത്തിന് പുറമെ ഈ രംഗത്തെ വിദഗ്ധരുടെ പഠനക്ലാസുകളും ഉണ്ടായിരുന്നു. ഇന്ത്യക്ക് പുറമെ തുർക്കിയ, യു.എ.ഇ, സുഡാൻ, ബഹ്ൈറൻ, കുവൈത്ത്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിദഗ്ധരും പങ്കെടുത്തു. യുവാക്കളായ നിരവധി കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രകടിപ്പിച്ചതെന്നും ഇന്ത്യൻ ഇസ്ലാമിക് കാലിഗ്രഫി കൂടുതൽ വളർച്ച പ്രാപിക്കുമെന്നും ഇസ്തംബൂളിൽ നിന്നുള്ള കാലിഗ്രഫി വിദഗ്ധനായ മുഹമ്മദ് ഇഫ്ദലുദ്ദീൻ കലിലക് പറഞ്ഞു.
ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷ വിഭാഗത്തിലെ പ്രദർശനവുമുണ്ടായിരുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ളവർ ഈ വിഭാഗത്തിൽ പങ്കെടുത്തു. ബ്രൻടൻ റോഡിലെ ഫാൽകൻസ് ഡെൻ ഹാളിലാണ് പരിപാടി നടന്നത്. നിരവധി പേർ പ്രദർശനം കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.