മംഗളൂരു: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മംഗളൂരു -ഉഡുപ്പി ദേശീയപാത തകർന്നു. കുല്ലൂരുവിൽ പാത പിളർന്ന നിലയിലാണ്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയ്ൽ) പൈപ്പിടാൻ കീറിയ ഭാഗത്ത് മഴവെള്ളം ഇറങ്ങിയതാണ് പാത തകരാൻ കാരണം. ഇതേത്തുടർന്ന് ഈ റൂട്ടിൽ വാഹന ഗതാഗതം അതി ദുഷ്കരമായി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വൈള്ളം കയറി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
മംഗളൂരു: ദേശീയപാത 66ലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ട, ഉഡുപ്പി എം.പി കോട്ട ശ്രീനിവാസ് പൂജാരി എന്നിവർ ഡൽഹിയിൽ മന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണിത്.
അശാസ്ത്രീയ രൂപകൽപന കാരണം പാത ചിലേടങ്ങളിൽ വീതി കുറവാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. മംഗളൂരു നന്തൂർ ജങ്ഷൻ, ഉഡുപ്പി അമ്പലപ്പടി മേൽപാലം, ബ്രഹ്മാവർ ആകാശവാണി വളവിലെ അടിപ്പാത എന്നിവിടങ്ങളിലാണ് പ്രശ്നം. ദേശീയപാത പലഭാഗത്തും തകർന്നിട്ടുണ്ട്. എം.പിമാർ ഉന്നയിച്ച സ്ഥലങ്ങളുടെ വിഡിയോ റിപ്പോർട്ട് ഉടൻ തയാറാക്കി പരിഹാരം കാണാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.