മംഗളൂരു: തുമ്പൈയിൽനിന്ന് നഗരസഭ പരിധിയിലേക്ക് ശുദ്ധീകരിച്ച വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് മംഗളൂരു മേയർ മനോജ് കുമാർ കോടിക്കൽ വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
ബെൻഡൂരിലെ ജലശുദ്ധീകരണ യൂനിറ്റ് താൻ സന്ദർശിച്ചിട്ടുണ്ടെന്നും പഴുതുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മേയർ പറഞ്ഞു. ശുദ്ധീകരിക്കാത്ത വെള്ളം വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ആരോപിച്ചു. അതിനാൽ, കോൺഗ്രസിന്റെ വസ്തുതാന്വേഷണത്തിന്റെ ആവശ്യമില്ല. മംഗളൂരുവിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളം എല്ലാ മാസവും ഫിഷറീസ് കോളജിൽ ലാബ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
തുമ്പൈ അണക്കെട്ടിന്റെ ഭാഗത്തേക്ക് ഡ്രെയിനേജ് വെള്ളം കയറുന്നില്ലെന്നും ഭൂഗർഭ ഡ്രെയിനേജ് സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ ആർദ്ര കിണറുകളും എസ്.ടി.പികളും അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിലാണെന്നും മേയർ വ്യക്തമാക്കി.
ഗുജ്ജരകെരെയിലും കാവൂർ തടാകത്തിലും ഡ്രെയിനേജ് വെള്ളം കയറുന്നുവെന്ന പരാതിയിൽ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഏതാനും തടാകങ്ങൾ വികസിപ്പിച്ചതായി മേയർ പറഞ്ഞു. പ്രശ്നം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി മേയർ ഭാനുമതി, മുൻ മേയർമാരായ ദിവാകർ പാണ്ഡേശ്വർ, ജയാനന്ദ് അഞ്ചൻ, സുധീർ ഷെട്ടി കണ്ണൂർ, പ്രേമാനന്ദ് ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.