ബംഗളൂരു: പരിസ്ഥിതി സൗഹൃദ യാത്രകളെ തിരഞ്ഞെടുക്കുക എന്ന സന്ദേശവുമായി നടനും മോഡലുമായ മിലിന്ദ് സോമൻ ഗ്രീൻ റൈഡ് നടത്തി. മംഗളൂരു വരെ ഏതർ ഇലക്ട്രിക് സ്കൂട്ടറിൽ 400 കിലോമീറ്ററായിരുന്നു യാത്ര. ‘ഗ്രീൻ റൈഡ് 2.0- എ മൾട്ടി സിറ്റി കാമ്പയിൻ’ എന്നുപേരിട്ട പരിസ്ഥിതി സൗഹൃദ യാത്ര മുംബൈയിൽനിന്നാണ് ഡിസംബർ 19ന് ആരംഭിച്ചത്.
സൈക്കിളിൽ ബംഗളൂരു വരെയായിരുന്നു 57കാരന്റെ ആദ്യ യാത്ര. പിന്നീട് ബംഗളൂരുവിൽനിന്ന് മംഗളൂരു വരെ വൈദ്യുതി സ്കൂട്ടറിൽ രണ്ടാംഘട്ട യാത്രയും വിജയകരമായി പൂർത്തിയാക്കി.
മുംബൈയിൽനിന്ന് മംഗളൂരു വരെയുള്ള ‘ഗ്രീൻ റൈഡ് 2.0- എ മൾട്ടി സിറ്റി കാമ്പയിൻ’ യാത്രക്കിടെ മുംബൈ, പുണെ, കരാട്, കോലാപുർ, ബെളഗാവി, ഷിഗോൺ, ഹിരെബന്നൂർ, തുമകുരു, ബംഗളൂരു, മൈസൂരു, മംഗളൂരു തുടങ്ങിയ നഗരങ്ങളിലെത്തി. സൗരോർജ പ്ലാന്റ് സന്ദർശനം, വൃക്ഷത്തൈകൾ നടൽ തുടങ്ങിയ പ്രവൃത്തികളിലും വിവിധ സന്നദ്ധ സംഘടനകൾക്കൊപ്പം പങ്കാളിയായി.
സൂപ്പർ മോഡലായ മിലിന്ദ് സോമന്റെ ‘ഗ്രീൻ റൈഡ് 2.0- എ മൾട്ടി സിറ്റി കാമ്പയിൻ’ അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നും കാമ്പയിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ഏതർ എനർജി ചീഫ് ബിസിനസ് ഓഫിസർ രവനീത് ഫോകല പറഞ്ഞു. ഓരോ ദിവസവും ഏതറിന്റെ ഉപഭോക്താക്കൾ 10 ലക്ഷം കിലോമീറ്ററിലേറെ കവർ ചെയ്യുന്നുണ്ടെന്നും 57.5 ടൺ കാർബണും കാൽലക്ഷം ലിറ്റർ പെട്രോളും സേവ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.