ബംഗളൂരു: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹരജി ബംഗളൂരുവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതി തള്ളി. ‘കേസിലെ ഒന്നാംപ്രതിക്ക് ലഹരിക്കച്ചവടത്തിന് നേരിട്ടല്ലാതെ ബിനീഷ് സഹായം ചെയ്തുവെന്നാണ് മനസ്സിലാകുന്നതെന്ന് ജഡ്ജി എച്ച്.എ. മോഹൻ നിരീക്ഷിച്ചു.
ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നട സീരിയൽ നടി ഡി. അനിഖ എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബിനീഷിന്റെ പങ്ക് അനൂപ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. ഒന്നാം പ്രതിയാണ് അനൂപ് മുഹമ്മദ്. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണത്തടവിന് ശേഷം ജാമ്യം ലഭിച്ചിരുന്നു. ലഹരിയിടപാട് കേസിൽ തനിക്ക് പങ്കില്ലെന്ന ബിനീഷിന്റെ വാദം കോടതി തള്ളുകയായിരുന്നു.അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും ബിനീഷിന് അറിവുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 40 ലക്ഷത്തോളം രൂപ അനൂപിന് നൽകിയിട്ടും ബിനീഷ് മതിയായ രേഖകൾ വാങ്ങിയില്ല. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി ഇടപാട് നടത്തുന്നതായി ബിനീഷിന് അറിവുണ്ടായിരുന്നു. ലഹരി വാങ്ങാനും വിതരണം ചെയ്യാനും ബിനീഷ് അനൂപിനെ നേരിട്ടല്ലാതെ സഹായിച്ചിരുന്നുവെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.