ബംഗളൂരു: കെ.ആർ. പുരത്തുനിന്ന് ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലേക്ക് ഇനി കൂടുതൽ ഫീഡർ ബസുകൾ. മാർച്ച് 25ന് ഉദ്ഘാടനം ചെയ്ത വൈറ്റ്ഫീൽഡ്-കെ.ആർ പുരം നമ്മ മെട്രോ പാതയിൽ തിരക്കേറിയതോടെയാണിത്. ഈ പാതയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 24,000 പേരാണ്. പർപ്പിൾ ലൈനിൽ 2.5 കിലോമീറ്റർ ദൂരമുള്ള ബൈയ്യപ്പനഹള്ളി-കെ.ആർ പുരം പാതകൂടി യാഥാർഥ്യമാകുന്നതോടെ യാത്രക്കാർ കൂടും. ഈ പാതയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പാത പൂർത്തിയാകാത്തതിനാലാണ് കൂടുതൽ ഫീഡർ ബസുകൾ ഓടിക്കാൻ ബി.എം.ടി.സി തീരുമാനിച്ചത്. നിലവിൽ ദിവസം ഇരുദിശയിലേക്കുമായി അഞ്ചുവീതം ബസുകൾ 196 ട്രിപ്പുകളാണ് നടത്തുന്നത്. ഇനി എട്ടുവീതം നോൺ എ.സി ബസുകളും വജ്ര എ.സി ബസുകളും 396 ട്രിപ്പുകൾ നടത്തും. നോൺ എ.സി ബസുകൾ അഞ്ചു മിനിറ്റ് ഇടവേളയിൽ 262 ട്രിപ്പുകളും വജ്ര എ.സി ബസുകൾ 10 മിനിറ്റ് ഇടവേളയിൽ 134 ട്രിപ്പുകളുമാണ് നടത്തുക.
നോൺ എ.സി ബസ് സർവിസ് രാവിലെ 5.50ന് ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽനിന്നും ആരംഭിക്കും. 10.20ന് അവസാനിക്കും. കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽ രാവിലെ 6.05 മുതൽ രാത്രി 10.40 വരെയാണ് സർവിസ്. വജ്ര എ.സി സർവിസ് ബൈയ്യപ്പനഹള്ളിയിൽനിന്ന് രാവിലെ 6.30 മുതൽ രാത്രി 9.40 വരെയും കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽനിന്ന് രാവിലെ 6.05 മുതൽ രാത്രി 9.15 വരെയും സർവിസ് നടത്തും. ഈ ബസുകളെ പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ആശ്രയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.