ബംഗളൂരു: ഗംഗാവതി താലൂക്കിൽ വിതലപുര ഗ്രാമത്തിൽ പട്ടികജാതിക്കാരി യുവതി വിഷം അകത്തു ചെന്നു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃ പിതാവും ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തതായി കൊപ്പാൽ ജില്ല പൊലീസ് സൂപ്രണ്ട് രാം എൽ. അറസിദ്ധി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവ് ഹനുമയ്യ, പിതാവ് കലിംഗപ്പ, ഭർതൃ കുടുംബത്തിലെ മറ്റു അഞ്ചുപേർ എന്നിവരാണ് അറസ്റ്റിലായത്. ഗ്രാമവാസിയും പട്ടികവർഗ വിഭാഗക്കാരനുമായ ഹനുമയ്യയുടെ ഭാര്യ മാരിയമ്മ (21) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
ജാതി മാറി നടന്ന പ്രണയ വിവാഹത്തെത്തുടർന്ന് ഭർതൃവീട്ടുകാർ മകളെ നിരന്തരം പീഡിപ്പിച്ചെന്ന് മാരിയമ്മയുടെ പിതാവ് ഗംഗാവതി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. രണ്ടു വർഷം മുമ്പാണ് ഹനുമയ്യയും മാരിയമ്മയും വിവാഹിതരായത്. ഭർതൃ കുടുംബത്തിലെ 13പേർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വിഷം കഴിച്ചെന്നാണ് ഭർതൃ വീട്ടുകാർ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷം അകത്തു ചെല്ലും മുമ്പ് മാരിയമ്മക്ക് മർദനമേറ്റതായി പിതാവിന്റെ പരാതിയിലുണ്ട്. 13 പേർക്കെതിരെ കേസെടുത്തെന്ന് എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.