ബംഗളൂരു: പൊന്നോണം കഴിഞ്ഞിട്ടും നിലക്കാത്ത ആഘോഷമാണ് പ്രവാസികളുടേത്. ജോലിത്തിരക്കിനിടയിലും ഒഴിവു ദിവസങ്ങൾ കണ്ടെത്തി മലയാളി സംഘടനകളും കൂട്ടായ്മകളും റെസിഡന്റ്സ് അസോസിയേഷനുകളും ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഞായറാഴ്ച ബംഗളൂരുവിലും മൈസൂരുവിലുമായി നിരവധി ആഘോഷങ്ങൾ അരങ്ങേറും. പൂക്കള മത്സരവും ഓണസദ്യയും വടംവലിയും വിവിധ കലാകായിക പരിപാടികളും കോമഡി ഷോയും ഗാനമേളയുമെല്ലാം ആഘോഷങ്ങൾക്ക് കൊഴുപ്പേകും.
പ്രവാസി മലയാളി അസോസിയേഷൻ
വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ‘ചിങ്ങനിലാവ് 2024’ ഞായറാഴ്ച നടക്കും. ചന്നസാന്ദ്ര തിരുമല ഷെട്ടിഹള്ളി ക്രാസിലെ ശ്രീ സായി പാലസിൽ രാവിലെ 9.30ന് സാംസ്കാരിക പരിപാടികളോടെ ആഘോഷത്തിന് തുടക്കമാവും. രാവിലെ 11ന് വൈറ്റ്ഫീൽഡ് ഡി.സി.പി ഡോ. ശിവകുമാർ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 12ന് ഓണസദ്യ. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സമാപന ചടങ്ങിൽ മഹാദേവപുര എം.എൽ.എ മുഖ്യാതിഥിയാവും. വൈകീട്ട് അഞ്ചിന് ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ഗാനമേള, മനോജ് ജോർജ് നയിക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ നടക്കും.
മൈസൂർ കേരള സമാജം
മൈസൂർ കേരള സമാജം ഓണാഘോഷം ഞായറാഴ്ച നടക്കും. വിജയനഗറിലെ സമാജം കമ്യൂണിറ്റി ഹാളിൽ രാവിലെ 10ന് ആഘോഷങ്ങൾക്ക് തുടക്കമാവും. തഞ്ചാവൂർ സീത്ത് സോൺ കൾചറൽ സെന്റർ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ചിത്രരചന മത്സരം, കോൽക്കളി, വടംവലി, മറ്റു കായിക മത്സരങ്ങൾ എന്നിവ നടക്കും. ഓണസദ്യയും ഒരുക്കും.
ബംഗളൂരു മലയാളി ഫോറം
ബംഗളൂരു മലയാളി ഫോറത്തിന്റെ ഓണാഘോഷം ഞായറാഴ്ച നടക്കും. കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് പരിപാടികൾ ആരംഭിക്കും. പായസ മത്സരം, പൂക്കള മത്സരം എന്നിവയുണ്ടാകും. കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേള നടക്കും.
വിമാനപുര കൈരളി കലാസമിതി
വിമാനപുര കൈരളി കലാസമിതി ഓണോത്സവം കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കും. സാഹിത്യകാരൻ ബെന്യാമിൻ, ബൈരതി ബസവരാജ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. പൂക്കള മത്സരം, ഫാൻസി ഡ്രസ് മത്സരം, കലാപരിപാടികൾ എന്നിവ അരങ്ങേറും.
ഓണസദ്യയും ഒരുക്കും. പൊതുപരിപാടിയിൽ പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. പി.കെ. സുധീഷ്, വി.എം. രാജീവ്, രാധാകൃഷ്ണൻ ജെ. നായർ, കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, വിഷ്ണു അശോക്, ജയൻ ഇയ്യക്കാട് എന്നിവരുടെ സംഗീത പരിപാടി എന്നിവയുണ്ടാകും.
ആർ.ആർ നഗർ മലയാളി സമാജം
രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച നടക്കും. പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ, ചലച്ചിത്രതാരം റോസിൻ ജോളി എന്നിവർ പങ്കെടുക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.
കേരള സമാജം കന്റോൺമെന്റ് സോൺ
കേരള സമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം ഞായറാഴ്ച വസന്തനഗർ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ബൈരതി സുരേഷ്, എം.ബി. രാജേഷ്, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, എം.എൽ.എമാരായ എ.സി. ശ്രീനിവാസ, എൻ.എ. ഹാരിസ്, റിസ്വാൻ അർഷാദ് എന്നിവർ വിശിഷ്ടാതിഥികളാകും. കല-സാംസ്കാരിക പരിപാടികൾ, പഞ്ചാരിമേളം, പ്രശസ്ത ഗായിക ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, നൃത്തപരിപാടി, കോമഡിഷോ എന്നിവ ഉണ്ടായിരിക്കും. ഓണസദ്യയും ഒരുക്കും.
ധ്വനി വനിതവേദി
ധ്വനി വനിതവേദി വാർഷികവും ഓണാഘോഷവും ഒക്ടോബർ ആറിന് നടക്കും. ജാലഹള്ളി ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും വിവർത്തകയുമായ ബി. നായർ മുഖ്യാതിഥിയാവും. സാമൂഹിക പ്രവർത്തക സുജാത മുനിരാജ് വിശിഷ്ടാതിഥിയാവും. വിവിധ കലാപരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.