ബംഗളൂരു: ഉൽപാദിപ്പിക്കുന്ന സവാളയത്രയും സംഭരിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ കർണാടകയിൽ ഉള്ളി കർഷകർക്ക് കണ്ണീർക്കാലം. സംഭരിക്കാവുന്നതിലും കൂടുതലുള്ള ഉൽപന്നം കുറഞ്ഞവിലക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. കർണാടകയിൽ സവാളയുടെ ശരാശരി വാർഷിക ഉൽപാദനം 38.91 ലക്ഷം ടൺ ആണ്.
എന്നാൽ, സംഭരണ ശേഷി 3.75 ലക്ഷം ടൺ മാത്രം. രാജ്യത്ത് സവാള ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ ഈ മേഖലയിലെ കർഷകർ ഉള്ളുപൊള്ളിയാണ് കഴിയുന്നത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം.
വരണ്ട പ്രദേശങ്ങളായ വിജയപുര, ഗദഗ്, ബെള്ളാരി, കൊപ്പാൽ, ധാർവാഡ്, ബെളഗാവി, ചിത്രദുർഗ, കോലാർ എന്നിവയാണ് കർണാടകയിൽ പ്രധാനമായും സവാള കൃഷി ചെയ്യുന്ന ജില്ലകൾ. ഈ ജില്ലകളിൽ വലിയ സംഭരണ സൗകര്യങ്ങളില്ലെന്നതാണ് പ്രധാന പ്രശ്നം. വിളവ് കുറഞ്ഞ സമയത്ത് ഉപഭോക്താക്കൾക്ക് വിലക്കയറ്റം നേരിടേണ്ടി വരുമ്പോൾ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാൻ കഴിയുന്നില്ല.
കേന്ദ്ര സംഭരണ സൗകര്യങ്ങളുടെ അഭാവം കർഷകരെ വേനൽക്കാല വിളയായി സവാള കൃഷിചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവായതിനാലും മാസങ്ങളോളം സൂക്ഷിച്ചുവെക്കാമെന്നതിനാലും കൃഷിക്ക് ഏറ്റവും അനുയോജ്യമായ സീസണാണിതെന്ന് കർഷകർ പറയുന്നു.
‘‘കർണാടകയുടെ കേന്ദ്ര സംഭരണശാലകളിൽ ശരാശരി 3.75 ലക്ഷം ടൺ ഉള്ളി മാത്രമേ സംഭരിക്കാൻ കഴിയൂ. ഉള്ളി കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഞങ്ങൾക്ക് ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല. മഹാരാഷ്ട്രക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്’’ -ബംഗളൂരുവിലെ ഉരുളക്കിഴങ്ങ്-ഉള്ളി വ്യാപാരികളുടെ അസോസിയേഷൻ സെക്രട്ടറി ബി. രവിശങ്കർ പറഞ്ഞു.
ഓരോ ജില്ലയിലും 10,000 ടൺ ശേഷിയുള്ള സംഭരണശാലയെങ്കിലും വേണമെന്നാണ് കർഷകരുടെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ റാബി സീസണിൽ (വേനൽക്കാല കൃഷി) കൂടുതൽ കർഷകർ ഉള്ളി കൃഷിക്ക് മുന്നിട്ടിറങ്ങും. ആവശ്യത്തിന് സവാള ഉൽപന്നങ്ങൾ സംഭരിക്കാൻ കഴിഞ്ഞാൽ, കാലാവസ്ഥ മോശമാവുന്നതുമൂലം വിലക്കയറ്റം നേരിടാറുള്ള ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ വില നിയന്ത്രിക്കുന്നതിനും ഇത് ഉപകാരപ്പെടും.
അതേസമയം, ഈ വർഷത്തെ മികച്ച വിളവ് കാരണം കർണാടകയിലെ എ.പി.എം.സികളിൽ സവാള വില വില കുറഞ്ഞിട്ടുണ്ട്. ബംഗളൂരുവിൽ മൊത്തവില കിലോഗ്രാമിന് 14 മുതൽ 21 രൂപ വരെയാണ്.
ചില്ലറ വിൽപന വില 25 മുതൽ 28 രൂപ വരെയും. ശരാശരി ഉള്ളിയുടെ വില കിലോഗ്രാമിന് 40 രൂപയാണ്. വിളവ് കുറയുന്ന മാസങ്ങളിൽ കിലോക്ക് 100 രൂപ വരെയായി ഉയർന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.