ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ പോവുന്നതാണ് വിശാല പ്രതിപക്ഷ ഐക്യമെന്നും സഖ്യം ബി.ജെ.പിയെ തുടച്ചുനീക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബംഗളൂരുവിൽ നടക്കുന്ന രണ്ടാം പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികളുടെ പരാജയത്തെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന ബി.ജെ.പി ഇപ്പോൾ പരാജയഭീതിയിൽ എൻ.ഡി.എക്ക് ജീവശ്വാസം നൽകുകയാണ്. ഇതുതന്നെ പ്രതിപക്ഷത്തിന്റെ ആദ്യ വിജയമാണ്. നരേന്ദ്ര മോദി സർക്കാറിന് കീഴിൽ ഭരണഘടന അവകാശങ്ങളും സ്ഥാപനങ്ങളും ഭീഷണി നേരിടുന്നത് തടയുകയാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രഥമ ലക്ഷ്യം.
പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബി.ജെ.പിയുടെ ശ്രമം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതും മഹാരാഷ്ട്രയിൽ നടക്കുന്ന സംഭവവികാസങ്ങളും അതിന്റെ തെളിവാണ്. കേന്ദ്ര ഏജൻസികളെക്കൊണ്ട് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് തിങ്കളാഴ്ച തമിഴ്നാട്ടിൽ നടന്ന ഇ.ഡി റെയ്ഡ് സൂചിപ്പിച്ച് വേണുഗോപാൽ പറഞ്ഞു. 75 ദിവസമായി മണിപ്പൂർ കലാപത്തിൽ കത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് രാജ്യത്തെ ജനങ്ങൾ നിരാശയിലാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.
വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചവർക്ക് ജനം മറുപടി നൽകും. സർക്കാറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ 26 പാർട്ടികൾ ഒരുമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 20ന് പാർലമെന്റ് സെഷൻ ആരംഭിക്കുന്നതിനാൽ പാർലമെന്റിലെ യോജിച്ച പ്രവർത്തനങ്ങളെ കുറിച്ച് ആസൂത്രണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗം പ്രതിപക്ഷ പാർട്ടികളുടെ പട്ന യോഗത്തിന്റെ അനന്തരഫലമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. പവൻഖേര, ഡി.കെ. ശിവകുമാർ എന്നീ നേതാക്കളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.