ബംഗളൂരു: നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും എസ്.ഡി.പി.ഐയും മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബംഗളൂരുവിൽ യു.ഡി.എഫ് കർണാടക കമ്മിറ്റി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എ.ഐ.എം.ഐ.എമ്മും എസ്.ഡി.പി.ഐയും മത്സരിക്കുന്നത് നല്ലതല്ല. ന്യൂനപക്ഷ വിഭാഗങ്ങൾ വെല്ലുവിളി നേരിടുന്ന ഇത്രയും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവർ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. ബി.ജെ.പിയുടെ പത്തുവോട്ടു കുറച്ച് കോൺഗ്രസിനെ സഹായിക്കുന്നതിനുപകരം അവർ മത്സരിക്കാനിറങ്ങുന്നത് ന്യുനപക്ഷങ്ങളുടെ ഗുണത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് സർക്കാർ കർണാടകയിൽ തിരിച്ചുവരുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന് വലിയ കരുത്തേകുന്ന സംഭവമാകും. അതോടെ ഈ തരംഗം കോൺഗ്രസിനും കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര കക്ഷികളുടെ കൂട്ടായ്മക്കും അനുകൂലമായി മാറും.
ഈ തെരഞ്ഞെടുപ്പ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ്. രാജ്യത്തെ ജനങ്ങളുടെ അസംതൃപ്തമായ സാഹചര്യം ഒരു വിസ്ഫോടനംപോലെ വരുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ പകരം ഒരു സർക്കാർ വരുകയും ചെയ്യും. അതിനായി എല്ലാവരും പാർട്ടികൾക്കതീതമായി മതേതരത്വ രാജ്യത്തിനായി പ്രവർത്തിക്കണം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായി യു.ഡി.എഫ് കർണാടക ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ, കൺവീനർ എം.കെ. നൗഷാദ്, വൈസ് ചെയർമാൻ ടി.സി. സിറാജ്, ചീഫ് കോഓഡിനേറ്റർ ശംസുദ്ദീൻ കൂടാളി, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജയ്സൺ ലൂക്കോസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് തങ്ങൾ, മെറ്റി ഗ്രേസ്, സി.പി. സദഖത്തുല്ല, നാസർ നീലസാന്ദ്ര, സുമോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.