നിറം ചേർക്കലിൽ പാനിപൂരിക്കും വിലക്ക്

ബം​ഗ​ളൂ​രു: നിറം ചേർക്കലിന് വിലക്കുള്ള വിഭവങ്ങളുടെ പട്ടികയിലേക്ക് പാനിപൂരിയും. ഗോബി മഞ്ചൂറിയൻ, കബാബ് തുടങ്ങിയ വിഭവങ്ങൾക്കെതിരായ സമീപകാല നടപടികളെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് സൂക്ഷ്മപരിശോധന നടത്തി.

കൃത്രിമ നിറങ്ങളിലെ ഘടകങ്ങൾ പൊതുജന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതിനെ തുടർന്നാണ് ഈ തീരുമാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിപൂരിയിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന വ്യാപകമായി നിർദേശം നൽകിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അറിയിച്ചു.

ഹോട്ടലുകളും വഴിയോരക്കടകളും ഉൾപ്പെടെ 260 ഭക്ഷണശാലകളിൽ നിന്നുള്ള സാംപിളുകളാണ് പരിശോധനക്കെടുത്തത്. 41 സാംപിളുകളിൽ കാൻസറിനു കാരണമാകുന്ന രാസപദാർഥങ്ങളുടെയും കൃത്രിമ നിറത്തിന്റെയും സാന്നിധ്യം കണ്ടെത്തി. 18 എണ്ണം ഭക്ഷ്യയോഗ്യമല്ലാത്തവയാണ്.

ബ്രില്യന്റ് ബ്ലൂ (നീല നിറം നൽകാൻ),സൺസെറ്റ് യെല്ലോ (ഓറഞ്ച് നിറം നൽകാൻ), ടാർട്രസൈൻ (മഞ്ഞ നിറം നൽകാൻ) കൃത്രിമ നിറം നൽകാൻ പാനിപൂരിയിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഇവ കാൻസറിന് പുറമേ ഉദരസംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതത്തിനും വൃക്കകളുടെ തകരാറിനും കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കർണാടകയിലുടനീളം പാനി പൂരി തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങളുള്ള സോസുകളും മുളകുപൊടിയും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കബാബിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ചാൽ കുറഞ്ഞത് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും കൂടാതെ ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഗോബി മഞ്ചൂരിയൻ, കോട്ടൺ മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ പ്രയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Panipuri is prohibited in adding color

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.