ബംഗളൂരു: കർണാടകയിലെ വിവാദമായ പൊലീസ് സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷ ജനുവരി 23ന് വീണ്ടും നടത്തുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര നിയമസഭയിൽ അറിയിച്ചു. ബെളഗാവിയിൽ നടക്കുന്ന ശീതകാല സമ്മേളനത്തിന്റെ സംയുക്ത സെഷനിലാണ് മന്ത്രി തീയതിമാറ്റം അറിയിച്ചത്. 545 ഒഴിവുകളിലേക്ക് എസ്.ഐ റിക്രൂട്ട്മെന്റ് പരീക്ഷ ഡിസംബർ 23ന് വീണ്ടും നടത്തുമെന്നായിരുന്നു നേരത്തേ കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ (കെ.ഇ.എ) പ്രഖ്യാപനം. പുനഃപരീക്ഷ നടത്തണമെന്ന കർണാടക ഹൈകോടതിയുടെ ഉത്തരവിനു പിന്നാലെയാണ് കെ.ഇ.എ പരീക്ഷാതീയതി പ്രഖ്യാപിച്ചത്. റദ്ദാക്കിയ പരീക്ഷക്ക് പ്രവേശന ടിക്കറ്റ് ലഭിച്ച എല്ലാ ഉദ്യോഗാർഥികൾക്കും പുനഃപരീക്ഷയും എഴുതാനാവും.
545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയിലാണ് വൻ ക്രമക്കേട് നടന്നത്. 54,287 പേർ പരീക്ഷ എഴുതിയിരുന്നു. എന്നാൽ, ലക്ഷങ്ങൾ കൈക്കൂലിയായി നൽകി റാങ്ക് പട്ടിക തയാറാക്കിയതായി ആരോപണമുയർന്നു. ചില ഉദ്യോഗാർഥികളാണ് ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയത്. ബി.ജെ.പിയുടെ വനിതാ നേതാവടക്കം പ്രതിയായ കേസ് രാഷ്ട്രീയ വിവാദമായതോടെ ബി.ജെ.പി സർക്കാർ കേസ് സി.ഐ.ഡിക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചു. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി നിരവധി പേർ പങ്കാളികളായ വൻക്രമക്കേടാണ് നടന്നതെന്ന് സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് എഡി.ജി.പി അമൃത് പോളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ കേസിൽ അറസ്റ്റിലായി.
കെ.ഇ.എ അടുത്തിടെ വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് നടത്തിയ പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ആർ.ഡി. പാട്ടീൽ എന്ന സിവിൽ കരാറുകാരനാണ് ഈ തട്ടിപ്പുകളുടെ പ്രധാന സൂത്രധാരൻ. അറസ്റ്റിലായ ഇയാൾക്കെതിരെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട 16 കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.