ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയെത്തുടർത്ത് കെടുതി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബംഗളൂരു നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും അഞ്ചു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
വടക്കൻ ബംഗളൂരുവിൽ യെലഹങ്ക അടക്കമുള്ള മേഖലയിൽ രൂക്ഷമായ കെടുതി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ചെ വരെയുള്ള ആറുമണിക്കൂറിനിടെ യെലഹങ്ക മേഖലയിൽ 157 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. യെലഹങ്ക തടാകത്തിന്റെ ബണ്ട് തകർന്ന് കേന്ദ്രീയ വിഹാർ അടക്കം മേഖലയിൽ വെള്ളം കയറിയതോടെ കുട്ടത്തോണി ഉപയോഗിച്ചാണ് താമസക്കാരെ പുറത്തെത്തിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി ജീവിതം ദുരിതമയമായി.
ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടത് വിമാനയാത്രക്കാരെയും പ്രയാസത്തിലാക്കി. ബെള്ളാരി റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര രൂപപ്പെട്ടിരുന്നു. നഗരത്തിന് പുറത്തേക്കുള്ള പ്രധാന പാതകളായ തുമകൂരു റോഡ്, ഓൾഡ് മദ്രാസ് റോഡ്, മൈസൂർ റോഡ് എന്നിവയിലും സമാനമായിരുന്നു സ്ഥിതി. ചിക്കബല്ലാപൂരിൽ കനത്ത വെള്ളക്കെട്ടിൽ കുടുങ്ങിയ രണ്ടു കാറുകൾ ഒഴുകിപ്പോയി.
ബംഗളൂരു: പ്രകൃതിയെ നമുക്ക് തടുക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗരവികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ. കനത്തമഴയിൽ നഗരത്തിലെ ദുരിതം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
ദുബൈയിലും ഡൽഹിയിലുമൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ചിട്ടുണ്ടാവും. ഡൽഹിയിൽ മലിനീകരണവും വരണ്ട പ്രദേശമായിരുന്നിട്ടുകൂടി ദുബൈയിൽ വെള്ളക്കെട്ടുമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാന സാഹചര്യങ്ങളുണ്ട്. ബംഗളൂരുവിലെ കെടുതികൾ ഞങ്ങൾ മാനേജ് ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ വകുപ്പുകളിൽനിന്നും വിവരം ശേഖരിച്ചുവരുകയാണ്. ദുരിതമുണ്ടായിടത്തെല്ലാം ഞാൻ പോകുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാനല്ല. ദുരിതത്തിലായവർക്ക് ആശ്വാസമേകാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയും കെടുതിയും തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച നഗരത്തിലെ എല്ലാ സ്കൂളുകൾക്കും ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ജി. ജഗദീഷ് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. മുൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.