പ്രതി രാഹുൽ തോംസെ ,നടി സഞ്ജന ഗൽറാണി
ബംഗളൂരു: നടി സഞ്ജന ഗൽറാണിയെ 45 ലക്ഷം രൂപ വഞ്ചിച്ച കേസിലെ പ്രതി രാഹുൽ തോംസെയ്ക്ക് 33ാമത് എ.സി.ജെ.എം കോടതി 61.50 ലക്ഷം രൂപ പിഴയും ആറു മാസം തടവും ശിക്ഷ വിധിച്ചു. ബനശങ്കരി മൂന്നാം ഫേസിൽ താമസിക്കുന്ന രാഹുൽ ടോൺസെ എന്ന രാഹുൽ ഷെട്ടി 2018-19 ൽ സഞ്ജന ഗൽറാണിയിൽനിന്ന് 45 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നായിരുന്നു കേസ്.
പിഴത്തുകയിൽ നിന്ന് കോടതി ഫീസ് 10,000 രൂപ കുറച്ചു ബാക്കി 61.40 ലക്ഷം രൂപ പരാതിക്കാരിയായ സഞ്ജനക്ക് നൽകണം. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചാൽ ആറു മാസത്തെ തടവ് ഒഴിവാക്കപ്പെടും. അല്ലാത്തപക്ഷം ആറു മാസം തടവും പിഴയും അനുഭവിക്കേണ്ടിവരുമെന്ന് കോടതി വിധിച്ചു. സഞ്ജന ഗൽറാണിയുടെ സുഹൃത്തായ രാഹുൽ ടോൺസെ ഗോവയിലെയും കൊളംബോയിലെയും കാസിനോകളുടെ മാനേജിങ് ഡയറക്ടറാണ്.
ഈ സ്ഥലങ്ങളിൽ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഉയർന്ന ലാഭം ലഭിക്കും എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജന ഗൽറാണിയെകൊണ്ട് പണം നിക്ഷേപിപ്പിച്ച് വഞ്ചിച്ചതെന്നാണ് ആരോപണം. തുടർന്ന് രാഹുൽ തോംസെ, പിതാവ് രാമകൃഷ്ണ, മാതാവ് രാജേശ്വരി എന്നിവർക്കെതിരെ വഞ്ചന (ഐ.പി.സി 420), ക്രിമിനൽ ഗൂഢാലോചന (120 ബി), ജീവന് ഭീഷണി (506), അസഭ്യം പറഞ്ഞുകൊണ്ട് മറ്റുള്ളവരെ അപമാനിക്കൽ (406) എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ദിര നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. അന്വേഷണം നടത്തിയ ശേഷം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.