ബംഗളൂരു: കർണാടക സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച ശിവമൊഗ്ഗ വിമാനത്താവളം ലൈസൻസ് കാലാവധി ഈ മാസം 23ന് അവസാനിക്കും. പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കർണാടക വ്യവസായ-അടിസ്ഥാനസൗകര്യ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) മാനേജിങ് ഡയറക്ടർ സെപ്റ്റംബർ 10ന് വ്യോമയാന ഡയറക്ടർ ജനറലിനെ (ഡി.ജി.സി.എ) കാണും.
മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതാണ് വിമാനത്താവളം നേരിടുന്ന പ്രശ്നം. കഴിഞ്ഞ മാസം ഡി.ജി.സി.എയിൽ നിന്നുള്ള സംഘം വിമാനത്താവളം സന്ദർശിച്ചിരുന്നതായി വിമാനത്താവള ഓഫിസർ ശാമന്ത് പറഞ്ഞു. ഫയർ ആൻഡ് എമർജൻസി വിഭാഗത്തിൽ 11 പേരാണ് നിലവിലുള്ളത്.
18 പേരുടേതാണ് തസ്തിക. ഏഴുപേരെ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റി. എയർ ബസ് സർവിസ് കൂടി പരിഗണിച്ചാണ് 18 പേരെ നിയമിച്ചതെന്നും എയർ ബസ് സർവിസ് ഇല്ലാത്തതിനാൽ അത്രയും ആവശ്യമില്ലെന്നുമാണ് വിശദീകരണം. ഈ കുറവ് നികത്താൻ കെ.എസ്.ഐ.ഡി.സി നിയമനം നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. കന്നട കവി കൂവെംപുവിന്റെ പേരും നൽകിയിരുന്നു. അതേസമയം, വിമാനത്താവളത്തിന്റെ രണ്ടാം ഘട്ടം പ്രവൃത്തി തുടങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.