ബംഗളൂരു: വിജയനഗര ജില്ലയിൽ ഹറപ്പനഹള്ളി താലൂക്കിലെ ടി. തുമ്പിഗെരെ ഗ്രാമത്തിൽ പൊതു പൈപ്പ് വഴി വിതരണം ചെയ്ത മാലിന്യം കലർന്ന വെള്ളം ആറ് ജീവനെടുത്തു. ഗൗരമ്മ (60), മഹന്തേഷ് (45), ഹനുമന്തപ്പ (38), സുരേഷ് (30), എട്ട് മാസം പ്രായമുള്ള ആൺകുട്ടി, നിംഗമ്മയുടെ ഗർഭസ്ഥ ശിശു എന്നിവർക്കാണ് അന്ത്യം. 50 പേർ അവശനിലയിൽ വിവിധ ആശുപത്രികളിൽ കഴിയുകയാണ്.
ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. രണ്ടാഴ്ചയിലധികമായി വിതരണം ചെയ്യുന്ന വെള്ളത്തിൽ മാലിന്യം കലരുന്നുണ്ടെന്ന് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഏറെ അവശതയിലായ ഗർഭിണി നിംഗമ്മയെ വിദഗ്ധ ചികിത്സക്കായാണ് ദാവൺഗരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മലിനജല ആഘാതത്തിൽ അവരുടെ കുഞ്ഞിന്റെ ജീവൻ ഗർഭപാത്രത്തിൽതന്നെ പൊലിഞ്ഞതായി കണ്ടെത്തി. കൂട്ട മരണം സംഭവിച്ചശേഷം ഉണർന്ന വിജയനഗര ജില്ല പഞ്ചായത്ത് അധികൃതരും ആരോഗ്യ കുടുംബ ക്ഷേമ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.