ബംഗളൂരു: നാലാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ബംഗളൂരു വൈറ്റ്ഫീല്‍ഡ് കാഡുഗൊഡിയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികക്കെതിരെ കേസ്. ഗൃഹപാഠം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കാഡുഗൊഡി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദ സംഭവം. കുട്ടി ഗൃഹപാഠം ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നതായും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ഡയറിയില്‍ അധ്യാപിക രക്ഷിതാക്കള്‍ക്ക് കുറിപ്പെഴുതി നല്‍കിയിരുന്നു. എന്നാല്‍, ഗൃഹപാഠമുള്ള കാര്യം കൃത്യമായി ഡയറിയില്‍ എഴുതണമെന്നും എങ്കിലെ ഇക്കാര്യം തങ്ങള്‍ അറിയുകയുള്ളൂവെന്നും രക്ഷിതാക്കള്‍ മറുപടിയായി കുറിച്ചു. ഈ കുറിപ്പ് കണ്ടതോടെയാണ് അധ്യാപിക പ്രകോപിതയായതും കുട്ടിയെ മര്‍ദിച്ചതെന്നുമാണ് ആരോപണം. വൈകീട്ട് തിരിച്ചെത്തിയ കുട്ടി മർദിച്ചകാര്യം രക്ഷിതാക്കളെ അറിയിച്ചു. മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപകര്‍ കൂടിയായ രക്ഷിതാക്കള്‍ ഉടന്‍ സ്കൂള്‍ അധികൃതര്‍ക്കും പിന്നീട് പൊലീസിലും പരാതി നല്കി. കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്കൂളിലെ സി.സി ടി.വിയില്‍ നിന്ന് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 47 തവണ കുട്ടിയുടെ മുഖത്തും കൈകളിലും പുറത്തുമായി അധ്യാപിക മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അരമണിക്കൂറോളം മര്‍ദനം തുടര്‍ന്നു. അതേസമയം, അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.