ബംഗളൂരു: സംസ്ഥാനത്തെ ഒഴിവുള്ള 545 സബ്ഇൻസ്പെക്ടർ തസ്തികകളിലേക്ക് ഉടൻ വീണ്ടും പരീക്ഷ നടത്തുമെന്ന് ഡി.ജി.പി പ്രവീൺ സൂദ് അറിയിച്ചു. പരീക്ഷ നടത്താൻ ഒരുക്കമാണ്. എന്നാൽ കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ എസ്.ഐ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേടാണ് നടന്നത്. തുടർന്നാണ് പരീക്ഷഫലം സർ ക്കാർ റദ്ദാക്കിയത്. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനാണ് പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. വൻതട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു. സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻക്രമക്കേടാണ് നടന്നതെന്നാണ് പറയുന്നത്.
ഭരണകക്ഷിയായ ബി.ജെ.പിയുടെയും കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളുമായും ക്രമക്കേടിന് ബന്ധമുണ്ട്. ഇതിനകം പ്രതികളായ പലർക്കും ജാമ്യം കിട്ടിയിട്ടുമുണ്ട്. പരീക്ഷത്തട്ടിപ്പുകേസിലെ പ്രധാനപ്രതി രുദ്രഗൗഡ പാട്ടീൽ കലബുറഗിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.