സബർബൻ റെയിൽ; 650 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും

ബംഗളൂരു: 148 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു സബർബൻ പദ്ധതിക്കായി താമസ, വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ 650-ഒാളം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരും. പദ്ധതി റിപ്പോർട്ട് പ്രകാരം രണ്ടാം ഇടനാഴിയിലെ ബൈയപ്പനഹള്ളി -ചിക്കബാനവര റൂട്ടിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങളെ ബാധിക്കുക. ഈ ഭാഗത്ത് 289 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരും. ഇവിടെ റെയിൽ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് (കെ- റൈഡ്) നിർമാണപ്രവർത്തനങ്ങൾ തുടങ്ങി.

ഹീലാലിഗെ-രാജനകുണ്ഡെ നാലാം ഇടനാഴിയിൽ 140 കെട്ടിടങ്ങളും, കെ​ങ്കേരി-വൈറ്റ്ഫീൽഡ് മൂന്നാം ഇടനാഴിയിൽ 135 ഉം, മെജസ്റ്റിക്-ദേവനഹള്ളി ഒന്നാം ഇടനാഴിയിൽ 85 കെട്ടിടങ്ങളുമാണ് പൊളിക്കേണ്ടി വരിക. പദ്ധതി റിപ്പോർട്ട് പ്രകാരം 233 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിൽ 145 ഹെക്ടർ റെയിൽവേ ഭൂമി, 9 ഹെക്ടർ കർണാടക സർക്കാർ ഭൂമി, 18 ഹെക്ടർ വനഭൂമി, 4 ഹെക്ടർ മറ്റു സർക്കാർ ഭൂമികൾ, 57 ഹെക്ടർ സ്വകാര്യ ഭൂമി എന്നിവ ഉൾപ്പെടും. നേരത്തേയുള്ള കരാർ പ്രകാരം റെയിൽവേ ഭൂമി കെ- റൈഡിന് കൈമാറാൻ ധാരണയായിട്ടുണ്ട്. യശ്വന്ത്പൂർ, ബെന്നിഗനഹള്ളി, യെലെഹങ്ക, കെ.എസ്.ആർ ബംഗളൂരു സിറ്റി എന്നിവിടങ്ങളിൽ ഇന്റർചേഞ്ച് സ്റ്റേഷനുകളുമുണ്ടാവും. മത്തിക്കരെ ചേരിയെയും ബാധിക്കും. പദ്ധതി റിപ്പോർട്ട് പ്രകാരം രണ്ടാം ഇടനാഴിയിലെ എലവേറ്റഡ് പാത മത്തിക്കരെയിലെ ഒരേക്കറോളം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന എം.ആർ ജയറാം കോളനിയുടെ ആദ്യത്തെ പ്രധാന റോഡിനു മുകളിലൂടെയാണ്. ചേരിയിൽ 143 കെട്ടിടങ്ങളും 650 താമസക്കാരുമാണുള്ളത്. ഇതിൽ 109 വീടുകളെയണ് പദ്ധതി ബാധിക്കുക. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ പ്രദേശത്തുള്ള മുഴുവൻ പേരെയും താൽക്കാലികമായി കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - suburban rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.