ബംഗളൂരു: ഈ തെരഞ്ഞെടുപ്പ് നേരും നുണയും തമ്മിലുള്ള പോരാട്ടമായിരുന്നെന്ന് യു.ടി. ഖാദർ എം.എൽ.എ. തുടര്‍ച്ചയായ അഞ്ചാം തവണയും മംഗളൂരു മണ്ഡലത്തില്‍നിന്ന് വിജയിച്ച അദ്ദേഹം മംഗളൂരുവിൽ കോണ്‍ഗ്രസ് ഭവനില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയുടെ നുണ പ്രചാരണങ്ങള്‍ക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുമാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഒരു വിഭാഗത്തോടും പക്ഷപാതവും വെറുപ്പും കാണിക്കില്ല. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കും.
ബി.ജെ.പി സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഒരു സമുദായത്തോടും വിവേചനം കാണിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കും കോണ്‍ഗ്രസ് ആനുകൂല്യങ്ങള്‍ നല്‍കും. തീരദേശ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ അഞ്ചാം തവണയും തെരഞ്ഞെടുത്ത മംഗളൂരുവിലെ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. എട്ടു സീറ്റുള്ള ദക്ഷിണ കന്നട ജില്ലയില്‍നിന്ന് യു.ടി. ഖാദറിനു പുറമെ, പുത്തൂർ മണ്ഡലത്തിൽനിന്ന് അശോക് കുമാര്‍ റായിയും മാത്രമാണ് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.