ബംഗളൂരു: അനധികൃമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം കർണാടക സർക്കാർ പിൻവലിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ശിവകുമാറിനെതിരായ കേസ് സി.ബി.ഐക്ക് കൈമാറിയ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ നടപടി നിയമപ്രകാരമായിരുന്നില്ലെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ യോഗതീരുമാനം വിശദീകരിച്ച നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവത്തോടെയാണ് സർക്കാർ പരിഗണിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തുണ്ടായിരുന്ന അഡ്വക്കറ്റ് ജനറലിനോടും ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറലിനോടും ഉപദേശം തേടിയശേഷമാണ് തീരുമാനമെന്നും പാട്ടീൽ പറഞ്ഞു. വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് 577 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മറ്റൊരു കേസുപോലും സി.ബി.ഐക്ക് വിട്ടിട്ടില്ല. എല്ലാ കേസും ലോക്കൽ പൊലീസാണ് അന്വേഷിച്ചത്. ഇത് കണക്കിലെടുത്താണ് ശിവകുമാറിനെതിരായ കേസ് മാത്രം സി.ബി.ഐ അന്വേഷണത്തിന് വിട്ട തീരുമാനം പിൻവലിച്ചത്. കോൺഗ്രസ് എം.എൽ.എ ബി.ഇസഡ്.
സമീർ അഹമ്മദ് ഖാൻ സമാന കേസ് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ കേസ് ബി.ജെ.പി സർക്കാർ ലോകായുക്തക്ക് വിടുകയാണുണ്ടായത്. ഡി.കെ. ശിവകുമാറിനെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത കേസ് 2019 സെപ്റ്റംബർ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 2020 ഒക്ടോബർ മൂന്നിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ആദായനികുതി വകുപ്പും ശിവകുമാറിനെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയിരുന്നു. തനിക്കെതിരായ കേസിൽ സി.ബി.ഐ നടപടിക്കെതിരെ ശിവകുമാർ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി നവംബർ 29ന് പരിഗണിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.