ബംഗളൂരു: കർണാടകയിൽ സർക്കാർ ബസുകളിൽ നിരക്ക് 15 ശതമാനം വർധിപ്പിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതോടെ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ലിയു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നിവക്കു കീഴിലെ ബസ് സർവിസുകളിലാണ് ടിക്കറ്റ് നിരക്ക് വർധിക്കുക. നടത്തിപ്പ് ചെലവ് അധികരിച്ചതോടെയാണ് ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായതെന്ന് മന്ത്രിസഭ തീരുമാനം വിശദീകരിച്ച നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
ജനുവരി അഞ്ചുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിരക്ക് വർധനയിലൂടെ മാസത്തിൽ 74.85 കോടി രൂപയും വർഷത്തിൽ 784 കോടിയും അധികവരുമാനം ലഭിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ബംഗളൂരു നഗരത്തിൽ സർവിസ് നടത്തുന്ന ബി.എം.ടി.സി 2015 ജനുവരി 10നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്ന് ഡീസലിന് ലിറ്ററിന് 60 രൂപ 90 പൈസയായിരുന്നു. 10 വർഷംമുമ്പ് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, കെ.കെ.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി എന്നിവയുടെ പ്രതിദിന ഡീസൽ ഉപയോഗം 9.16 കോടി രൂപയുടേതായിരുന്നു.
എന്നാൽ, ഇപ്പോഴത് 13.21 കോടി രൂപയായി ഉയർന്നു. 10 വർഷം മുമ്പ് ഈ നാലു കോർപറേഷനുകളിലെയും ജീവനക്കാർക്ക് ആവശ്യമായ പ്രതിദിന ചെലവ് 12.95 കോടിയായിരുന്നു. ഇപ്പോഴയത് 18.36 കോടിയായി. ഓരോ മാസവും ഈ നാലു കോർപറേഷനുകൾക്കായി 417.92 കോടി രൂപയാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. അതിനാൽ ബസ് നിരക്ക് പരിഷ്കരിക്കാതെ നിവൃത്തിയില്ലെന്നും അല്ലെങ്കിൽ ഈ കോർപറേഷനുകൾ കടബാധ്യതയിലേക്ക് നീങ്ങുമെന്നും മന്ത്രി പാട്ടീൽ ചൂണ്ടിക്കാട്ടി. ബസ് നിരക്ക് വർധിപ്പിച്ചാലും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘ശക്തി’ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
13 ശതമാനം മുതൽ 15 ശതമാനംവരെ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്തത്. അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബസ് നിരക്കുകൂടി കണക്കിലെടുത്ത് 15 ശതമാനം വർധിപ്പിക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. ഈ നിരക്ക് അയൽ സംസ്ഥാനങ്ങളിലേതിനെക്കാൾ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബസ് ചാർജ് നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയും മറ്റു കോർപറേഷനുകളും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബി.എം.ടി.സിക്ക് പ്രതിദിനം 40 കോടി രൂപ ചെലവ് വരുമ്പോൾ 34 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലനിൽപിന് അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ 7401 കോടി രൂപ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കുമായി നൽകാനുണ്ടെന്നാണ് കണക്ക്.
കൂടാതെ സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കിയ വകയിൽ 1787 കോടി രൂപ ഇപ്പോഴും കോർപറേഷനുകൾക്ക് നൽകിയിട്ടില്ല. ശമ്പളത്തിലെയും മറ്റു ആനുകൂല്യങ്ങളുടെയും വർധന ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബസ് നിരക്ക് വർധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി രംഗത്തുവന്നു. ബസ് ചാർജ് വർധനക്കെതിരെ വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. ശക്തി പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്തെ പൊതുഗതാഗത കോർപറേഷനുകളെ നഷ്ടത്തിലേക്ക് സർക്കാർ തള്ളിവിട്ടതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.