ബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ റിപ്പോൻപേട്ട് സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി പോസ്റ്റ്മോർട്ടം നടത്തിയത് മൊബൈൽ വെളിച്ചത്തിന്റെയും ടോർച്ചിന്റെയും സഹായത്തോടെ. ഡോക്ടർ തലയിൽ ടോർച്ച് കെട്ടിവെക്കുകയായിരുന്നു. ലോകേശപ്പ (68) എന്ന കർഷകന്റെ പോസ്റ്റ്മോർട്ടമാണ് ടോർച്ച് വെളിച്ചത്തിൽ നടത്തിയത്.
കർണാടകയുടെ മലനാട് ഭാഗത്തെ തീരദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമമാണ് റിപ്പോൻപേട്ട്. ദിനേന നൂറുകണക്കിന് ആളുകളാണ് ചികിത്സക്കായി ഇവിടത്തെ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ വൈദ്യുതി ഉണ്ടെങ്കിലും മോർച്ചറിയിൽ ഇല്ല. ഇതോടെയാണ് തലയിൽ ടോർച്ച് കെട്ടിവെച്ചും മൊബൈൽ ഫോൺ വെളിച്ചത്തിലും പോസ്റ്റ്മോർട്ടം നടത്തേണ്ടിവന്നത്. മുമ്പും ഇവിടെ സമാനപ്രശ്നമുണ്ടായിരുന്നു.
എന്നാൽ, ജനറേറ്റർ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. അല്ലെങ്കിൽ പോസ്റ്റ്മോർട്ടം രാവിലേക്ക് മാറ്റും. സംഭവത്തെ കുറിച്ച് താലൂക്ക് മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ജില്ല ഹെൽത്ത് ഓഫിസർ ഡോ. രാജേഷ് സുരഗിഹള്ളി പറഞ്ഞു.
കർണാടകയുടെ ഉൾപ്രദേശങ്ങൾ വൈദ്യുതിക്ഷാമത്താൽ പൊറുതിമുട്ടുകയാണ്. സാധാരണ ജനങ്ങളും ആശുപത്രികളടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും ഇതുമൂലം ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.