മംഗളൂരു: കൊങ്കൺ പാതയിൽ കുംതക്കും ഹൊന്നാവറിനും ഇടയിൽ സംഭവിക്കുമായിരുന്ന വൻ ട്രെയിൻ ദുരന്തം ട്രാക്ക്മാൻ മഹാദേവയുടെ തത്സമയ ഇടപെടൽമൂലം ഒഴിവായി. വെൽഡ് ചെയ്ത ഭാഗത്ത് വിള്ളൽ കണ്ട മഹാദേവ അര കിലോമീറ്റർ ട്രാക്കിലൂടെ ഓടി തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസ് കൊടി കാട്ടി നിർത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ച നാലരയോടെയാണ് പതിവ് പാളം പരിശോധനക്കിടെ മഹാദേവ വിള്ളൽ കണ്ടതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഉടൻ കുംത സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും രാജധാനി എക്സ്പ്രസ് സ്റ്റേഷൻ വിട്ടിരുന്നു. ലോക്കോ പൈലറ്റിനെ നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് വിള്ളൽ കണ്ടിടത്തുനിന്ന് ട്രെയിൻ വരുന്ന ഭാഗത്തേക്ക് അഞ്ചു മിനിറ്റിനുള്ളിൽ അരകിലോമീറ്റർ ഓടി ചുവന്നകൊടി കാണിച്ചു.
വിള്ളൽ കണ്ടെത്തിയ ഭാഗത്ത് എത്തും മുമ്പ് ട്രെയിൻ നിന്നു. പിന്നീട് ട്രാക്ക് നേരെയാക്കിയശേഷം രാജധാനി എക്സ്പ്രസ് യാത്ര തുടർന്നു. കൊങ്കൺ റെയിൽവേ സി.എം.ഡി സന്തോഷ് കുമാർ മഹാദേവയെ 15000 രൂപ പാരിതോഷികം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.