ബംഗളൂരു: ഗതാഗത നിയമലംഘനം കണ്ടെത്താൻ ബംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് പൊലീസ് ആഴ്ചകളായി നടത്തിയ പ്രത്യേക പരിശോധനയിൽ 16 ലക്ഷം രൂപ പിഴയീടാക്കി. 2647 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും നടപ്പാതകളിൽ വാഹനം നിർത്തിയതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പതിവ് പരിശോധനകൾക്കു പുറമേയാണ് കൂടുതൽ ട്രാഫിക് പൊലീസുകാരെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ച് അധികൃതർ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
ഓട്ടം വിളിച്ചിട്ടും പോകാതിരിക്കുന്ന ഓട്ടോറിക്ഷകൾ, അതിവേഗത്തിൽ ഓടിച്ച ബംഗളൂരു കോർപറേഷന്റെ മാലിന്യസംഭരണ ലോറികൾ എന്നിവക്കെതിരെയും പ്രത്യേക പരിശോധനയിൽ കേസെടുത്തതായി അധികൃതർ അറിയിച്ചു.സിഗ്നലുകൾ തെറ്റിച്ച് അതിവേഗം ഓടുന്നെന്ന പരാതിയെത്തുടർന്ന് ഭക്ഷണവിതരണ ജീവനക്കാർക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഭക്ഷണവിതരണ ജീവനക്കാരുടെ വാഹനങ്ങൾ തിരക്കേറിയ പ്രദേശങ്ങളിൽ വ്യാപകമായി അപകടങ്ങളുണ്ടാക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.
നിശ്ചിത ഇടവേളകളിൽ കൂടുതൽ പൊലീസുകാരെ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ സംഘടിപ്പിക്കാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം. മഴക്കാലത്തിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ പ്രത്യേക പ്രചാരണ പരിപാടിയും ട്രാഫിക് പൊലീസ് സംഘടിപ്പിക്കുന്നുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലൂടെ വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കുക, അപകടങ്ങളുണ്ടാകാതിരിക്കാൻ ഗുണമേന്മയുള്ള ടയറുകൾ മാറ്റിയിടുക, വൈപ്പറുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ട്രാഫിക് പൊലീസിന്റെ പ്രചാരണ വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.