ബംഗളൂരു: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് ഗർഭിണി ഉൾപ്പെടെ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി (32), ബിഹാർ സ്വദേശിനി സോണി കുമാരി (31) എന്നിവരാണ് മരിച്ചത്.
ബംഗളൂരു സദ്ദഗുണ്ടേപാളയയിലെ ബൈയ്യപ്പനഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുമതി നാല് മാസം ഗർഭിണിയായിരുന്നു. സോണി കുമാരി എട്ട് വർഷമായി ബംഗളൂരുവിലാണ് താമസം. ബൈയ്യപ്പനഹള്ളിയില്‍ റോഡ് നിർമാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്.
പോസ്റ്റ് മറിയുന്നത് കണ്ട യുവതികള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, ഇരുവരുടെയും ദേഹത്തേക്ക് പൊടുന്നനെ വീഴുകയായിരുന്നു. യുവതികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
യുവതികള്‍ നടന്നുപോകുന്നത് താൻ ശ്രദ്ധിച്ചില്ലെന്ന് മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ജെ.സി.ബി ഡ്രൈവർ രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈയ്യപ്പനഹള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.