ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച ലോകായുക്തക്ക് മുന്നിൽ ഹാജരായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐ അന്വേഷണത്തിന് മുൻ സർക്കാർ നൽകിയ അനുമതി സിദ്ധരാമയ്യ സർക്കാർ 2023 നവംബർ 23ന് ഉത്തരവിലൂടെ തടഞ്ഞിരുന്നു. കേസ് ലോകായുക്തക്ക് കൈമാറുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകായുക്ത പൊലീസ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ശിവകുമാറിനോട് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത സമൻസ് അയച്ചിരുന്നു. എന്നാൽ, അൽമാട്ടിയിൽ സന്ദർശനത്തിലായതിനാൽ ശിവകുമാറിന് ഹാജരാകാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം വ്യാഴാഴ്ച സമയം അനുവദിക്കുകയായിരുന്നു. തന്നെ മൂന്നു മണിക്കൂറോളം ലോകായുക്ത അന്വേഷണ സംഘം ചോദ്യംചെയ്തതായി ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. എല്ലാത്തിനും മറുപടി നൽകി. കൂടുതൽ രേഖകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അവ വൈകാതെ ഞാൻ ഹാജരാക്കും. അവ പരിശോധിച്ച ശേഷം ഒരിക്കൽകൂടി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, ലോകായുക്തയുടെ ചോദ്യംചെയ്യലിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അസന്തുഷ്ടനാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രതിഫലനം. ലോകായുക്തയെക്കാൾ ഭേദം സി.ബി.ഐ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ച് കുറെ ചോദ്യങ്ങളാണ് അവർ ചോദിച്ചത്. സി.ബി.ഐ തന്നെ വിളിപ്പിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്തിരുന്നില്ല.
എന്നാൽ, അവർ (ലോകായുക്ത) എന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും പ്രശ്നത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കേസ് സി.ബി.ഐയിൽനിന്ന് ലോകായുക്തയിലേക്ക് സംസ്ഥാന സർക്കാർ കൈമാറിയതുകൊണ്ട് പ്രത്യേകിച്ചൊന്നുമില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു മാസമായി ലോകായുക്ത കേസിൽ അന്വേഷണം നടത്തിവരുകയാണ്. സ്വാഭാവികമായും സി.ബി.ഐ അന്വേഷണം നിർത്തണമായിരുന്നു. എന്നാൽ, സി.ബി.ഐ അന്വേഷണം തുടരുകയാണ്. അവർ എന്റെ കുടുംബക്കാരെയടക്കം പീഡിപ്പിക്കുകയാണ്. ഇപ്പോഴും അവർ എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. എന്റെ നിരവധി സുഹൃത്തുക്കളെയെും കുടുംബക്കാരെയും അവർ പീഡിപ്പിക്കുന്നു. ഇത്തരത്തിൽ നൂറിലേറെ പേരെയാണ് സി.ബി.ഐ പലവിധത്തിലായി പീഡിപ്പിക്കുന്നത്. ഇപ്പോൾ ലോകായുക്തയും അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് -ശിവകുമാർ കൂട്ടിച്ചേർത്തു.
2017ൽ ഡി.കെ. ശിവകുമാറിന്റെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ വ്യാപക റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവകുമാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ഇ.ഡിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കർണാടക സർക്കാറിന്റെ അനുമതി തേടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.കെ. ശിവകുമാറിനെ വിചാരണ ചെയ്യാൻ കഴിഞ്ഞ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ബി.ജെ.പി സർക്കാറിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബർ 23ന് സിദ്ധരാമയ്യ സർക്കാർ കേസിലെ സി.ബി.ഐ അനുമതി റദ്ദാക്കി കേസ് ലോകായുക്തക്ക് കൈമാറി.
2013 മുതൽ 2018 വരെ മന്ത്രിയായിരുന്ന ശിവകുമാറിന്റെ സ്വത്തിൽ അനധികൃത സമ്പാദ്യമുണ്ടെന്നായിരുന്നു സി.ബി.ഐ ആരോപണം. വരവിൽ കവിഞ്ഞ സ്വത്തിന്റെ പേരിൽ 2020 സെപ്റ്റംബർ മൂന്നിന് ശിവകുമാറിനെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തനിക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാർ 2021ൽ കർണാടക ഹൈകോടതിയെ സമീപിച്ചു.
2023 ഒക്ടോബർ 19ന് ഈ ഹരജി ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കണമെന്നും മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈകോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ഹൈകോടതി ഉത്തരവിനെതിരെ ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, ജൂലൈ 15ന് ഈ ഹരജി സുപ്രീംകോടതി തള്ളി. കർണാടക ഹൈകോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, എസ്.സി. ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.