മംഗളൂരു:ബജ്പെയിലെ മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അരികെ ഗഞ്ചിമഠം പഞ്ചായത്തിലെ മലാലി സയ്യിദ് അബ്ദുല്ലാഹ് മദനി ജുമാമസ്ജിദിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഫയൽ ചെയ്ത കേസ് കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിവച്ചു. ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ക്ഷേത്രമായിരുന്നു എന്നാണ് വി.എച്ച്.പി വാദം. ഇതുമായി ബന്ധപ്പെട്ട് മംഗളൂറു അഡി.സിവിൽ കോടതി (മൂന്ന്) 2022 നവംബർ ഒമ്പതിന് വിധി പുറപ്പെടുവിച്ചിരുന്നു.
മസ്ജിദ് നിലകൊള്ളുന്നു സ്ഥലത്ത്"ദൈവ പ്രതിഷ്ഠ"ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിസരത്ത് സമർപ്പിച്ച ഹരജിയെ ചോദ്യം ചെയ്തും ഈ കേസ് വഖഫ് ട്രൈബ്യൂണൽ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും ജമാഅത്ത് കമ്മിറ്റി ഫയൽ ചെയ്ത ഹരജി സിവിൽ കോടതി തളളുകയായിരുന്നു. സിവിൽ കോടതി തന്നെയാണ് ഈ വിഷയത്തിൽ തീർപ്പ് കല്പിക്കേണ്ടതെന്നാണ് കോടതി നിരീക്ഷിച്ചത്.
കീഴ്ക്കോടതി വിധി ശരിവെക്കുകയാണോ മൈസൂറു വഖഫ് ട്രൈബ്യൂണലിന്റെ തീർപ്പിന് കൈമാറുകയാണോ ഹൈകോടതി ചെയ്യുക എന്നാണ് പ്രദേശവാസികൾ കാത്തിരിക്കുന്നത്. 2022 ഏപ്രിലിൽ മസ്ജിദ് നവീകരണത്തിനായി മുൻഭാഗത്തെ കോൺക്രീറ്റ് നിർമ്മിതികൾ പൊളിച്ചപ്പോൾ ദൃശ്യമായ പഴയ കെട്ടിടത്തിന് ക്ഷേത്രസമാന മുഖം കണ്ടതിനെത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി രംഗത്ത് വരുകയായിരുന്നു.
റവന്യൂ അധികൃതർ പരിശോധനക്കെത്തിയ വേളയിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ 900 വർഷം പഴക്കം അവകാശപ്പെടുന്ന പള്ളിയുടെ രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് കൊണ്ടുവന്ന ജ്യോത്സ്യൻ ഗോപാലപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന "താംബൂല പ്രശ്ന"ത്തിൽ ഇവിടെ"ദൈവപ്രതിഷ്ഠ"ഉണ്ടായിരുന്നതായി പ്രവചിച്ചു. ഇതേത്തുടർന്നാണ് പ്രശ്നം കോടതി കയറിയത്. മംഗളൂരു സിവിൽ കോടതി വിധി സ്വാഗതം ചെയ്ത് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.