ബംഗളൂരു: സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെയുള്ള വഖഫ് ഭേദഗതി നിയമം പാസായാൽ കേന്ദ്രസർക്കാറിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയായിരിക്കും രാജ്യത്ത് സംഭവിക്കാൻ പോകുന്നതെന്ന് ഐ.എൻ.എൽ ദേശീയ സമിതി യോഗം മുന്നറിയിപ്പ് നൽകി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായുള്ള വ്യവസ്ഥകൾ എടുത്തുകളയുകയും വ്യക്തികൾക്കും കോർപറേറ്റുകൾക്കും വഖഫ് സ്വത്തിൽ അതിക്രമിച്ചുകടക്കാൻ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഭേദഗതികളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇതിനകം അന്യാധീനപ്പെട്ട കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾപോലും അതോടെ അസാധ്യമാവും. അതുകൊണ്ട് രാജ്യത്തെ മുഴുവൻ മതേതരശക്തികളും ഒന്നിച്ചുനിന്ന് വഖഫ് ഭേദഗതി ബിൽ പരാജയപ്പെടുത്തണമെന്ന് ഐ.എൻ.എൽ ദേശീയസമിതി ആവശ്യപ്പെട്ടു. സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉൽകണ്ഠാകുലമാണ്. ജെ.പി.സി അംഗങ്ങളല്ലാത്ത, ഹിന്ദുത്വ അനുകൂലികളെ വിദഗ്ധർ എന്ന ലേബലിൽ യോഗത്തിൽ പങ്കെടുപ്പിക്കുകയാണ്.
ഈ മാസം 25ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണ് നീക്കം. മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാബരി ധ്വംസനത്തിന് ശേഷമുള്ള മറ്റൊരു മഹാദുരന്തമായിരിക്കും അതെന്ന് യോഗം അഭിപ്രായപ്പെട്ടു. പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജാതി സെൻസസ്, മദ്റസ വിദ്യാഭ്യാസ നിയമം, വംശഹത്യ തുടരുന്ന ഫലസ്തീനിലെ അവസ്ഥയും, സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികളുടെ ഗൂഢപദ്ധതികളും യോഗം ചർച്ച ചെയ്തു.
അടുത്തവർഷം നടക്കാനിരിക്കുന്ന സെൻസസിൽ ജാതി, ഉപജാതി വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് രാജ്യത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള യഥാർഥ ചിത്രം പുറത്തുകൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇൻഡ്യാ സഖ്യം മോദി ഭരണത്തിൽ പങ്കാളികളായ ജനതാദൾ (യു), ടി.ഡി.പി, ലോക് ജനശക്തി പാർട്ടി, അപ് നാ ദൾ എന്നിവരുടെ പിന്തുണ ഉറപ്പാക്കണം. 1931ന് ശേഷം ഇവിടെ ജാതി സെൻസസ് നടന്നിട്ടില്ല.
എന്നിട്ടും ഈ വിഷയത്തിൽ മോദി സർക്കാർ ഒളിച്ചുകളിയാണ് നടത്തുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്റസ വിദ്യാഭ്യാസത്തിനെതിരെ നടത്തുന്ന കുത്സിത നീക്കം പരാജയപ്പെടുത്തിയില്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ സ്വത്വവും അന്തസ്സാർന്ന അസ്തിത്വവും അപകടത്തിലാവുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. യു.പി മദ്റസ ബോർഡിനെ ഫലത്തിൽ ഇല്ലാതാക്കുന്ന നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയുടെ മുമ്പാകെയുള്ള കേസിൽ രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന വിധി ഉണ്ടാവുമെന്ന് യോഗം പ്രതീക്ഷ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.