ബംഗളൂരു: വയനാട് ഉരുൾപൊട്ടൽ മേഖലയിൽ കർണാടക നടത്തുന്ന രക്ഷാ പ്രവർത്തനങ്ങളും കേരള സർക്കാറുമായുള്ള ബന്ധവും ഏകോപിപ്പിക്കാനുള്ള ചുമതല മുഖ്യമന്ത്രി സിദ്ധരാമയ്യ തൊഴിൽ മന്ത്രിക്കും മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്കും നൽകി. തൊഴിൽ മന്ത്രി സന്തോഷ് ലാഡ്, ചാമരാജ നഗർ ജില്ല ഡെപ്യൂട്ടി കമീഷണർ ശിൽപ നാഗ്, മലയാളിയായ പി.സി. ജാഫർ, ദിലീഷ് സായി എന്നിവർക്കാണ് ചുമതല. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഫോണിലൂടെ നിർദേശം ലഭിച്ചയുടൻ വയനാട്ടിലേക്ക് എത്തിയതായും ഇരു സംസ്ഥാനങ്ങളുമായുള്ള ഏകോപനം നടന്നുവരുന്നതായും മന്ത്രി സന്തോഷ് അറിയിച്ചു. വയനാട് ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ടെന്ന് ശിൽപ നാഗ് പറഞ്ഞു.കർണാടക സ്വദേശികളായ ഒമ്പതു പേർ വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതായാണ് വിവരം. ഇതിൽ മാണ്ഡ്യ സ്വദേശി ലീലാവതി, പൗത്രൻ നിഹാൽ, ചാമരാജ നഗരയിലെ രാജേന്ദ്ര, പുട്ടസിദ്ധ ഷെട്ടി, റാണി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പരിക്കേറ്റവരെ ചികിത്സിക്കാൻ മൈസൂരു കെ.ആർ ആശുപത്രിയിലും എച്ച്.ഡി കോട്ടെ ആശുപത്രിയിലും പ്രത്യേക വാർഡുകൾ സജ്ജീകരിക്കുകയും അവരെ കൊണ്ടുവരാൻ വാഹന സൗകര്യമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചാമരാജ് നഗർ ഡെപ്യൂട്ടി കലക്ടർ ഓഫിസിൽ ഹെൽപ് ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ട്. ഗുണ്ടൽപേട്ടിൽനിന്ന് വയനാട്ടിൽ സ്ഥിരമായി വിവിധ ജോലികൾക്കായി പോകുന്ന തൊഴിലാളികളാണ് ഉരുൾപൊട്ടലിൽ പെട്ടതെന്നാണ് സൂചന. ബംഗളൂരുവിൽനിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തെയും കരസേനയുടെ മദ്രാസ് എൻജിനീയറിങ് സംഘത്തെയും വയനാട്ടിലെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ചൊവ്വാഴ്ച അയച്ചിരുന്നു. എം.ഇ.ജിയിൽനിന്നുള്ള ഒരു ഓഫിസറും രണ്ട് ജെ.സി.ഒമാരും വിവിധ റാങ്കിലുള്ള 70 ഉദ്യോഗസ്ഥരും 15 വാഹനങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളുമായി വയനാട്ടിലേക്ക് പോയിട്ടുണ്ട്. കൂടാതെ രണ്ട് ഓഫിസർമാരും നാല് ജെ.സി.ഒമാരും 100 സൈനികരും അവശ്യ ഉപകരണങ്ങളുമായി 40 വാഹനങ്ങളിലായും പുറപ്പെട്ടിട്ടുണ്ട്. ഹെൽപ് ലൈൻ: ചാമരാജനഗർ ഡി.സി ഓഫിസിലെ ഹെൽപ് ലൈൻ നമ്പറുകൾ: 08226-223163, 08226-223161, 08226-223160. വാട്സ്ആപ് നമ്പർ: 9740942901. മൈസൂരു ഡി.സി ഓഫിസിലെ ഹെൽപ് ലൈൻ നമ്പർ: 0821-24223800.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.