ബംഗളൂരു: ‘ലിവ് ഇൻ ടുഗദറാ’യി താമസിച്ചുവന്ന യുവാവ് പങ്കാളിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്ന് പരാതി. യുവതിയുടെ മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. വിജയപുര ജില്ലയിലെ മുരണകെരി സ്വദേശി മൗനേഷ് പട്ടാർ (40) ആണ് ആക്രമണം നടത്തിയത്. ഇയാളെ വിജയപുര കലദഗി പൊലീസ് അറസ്റ്റ്ചെയ്തു. മുരണകെരി സ്വദേശിയായ ലക്ഷ്മി ബാഡിഗർക്കാണ് (32) പരിക്കേറ്റത്. ഇവരെ വിജയപുര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾക്ക് നിസ്സാര പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ഗദ്ദനകേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു ഇരുവരും. മൗനേഷും ലക്ഷ്മിയും വേറെ വിവാഹം കഴിച്ചവരാണ്. അതിലെ ബന്ധം വേർപെടുത്താതെയാണ് ഇരുവരും ഒന്നിച്ചു താമസിച്ചുവന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇരുവരും വഴക്കിട്ടതിനെത്തുടർന്ന് മൗനേഷ് സ്വന്തം വീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാത്രി മടങ്ങിവന്നപ്പോൾ ലക്ഷ്മി വാതിൽ തുറന്നു കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ മൗനേഷ് ജനൽ വഴി ലക്ഷ്മിയുടെ നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.