ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളും പാലിക്കേണ്ട ധാർമിക മര്യാദകളും ചട്ടങ്ങളും (എത്തിക്കൽ ചാർട്ടർ) സംബന്ധിച്ച മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ പ്രക്രിയയിൽ മന്ത്രാലയവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക, ഖത്തറിന്‍റെ പാരമ്പര്യങ്ങളിൽനിന്നും ഇസ്ലാമിക മതമൂല്യങ്ങളിൽനിന്നുമുള്ള ധാർമിക മര്യാദകളും നിയമങ്ങളും സ്ഥാപനങ്ങളിൽ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
പ്രത്യേക വിദ്യാഭ്യാസ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നഅമ പുറത്തിറക്കിയ എത്തിക്കൽ ചാർട്ടർ സംബന്ധിച്ച പ്രത്യേക സർക്കുലർ എല്ലാ സ്വകാര്യ സ്കൂളുകളിലേക്കും കിൻറർഗാർട്ടനുകളിലേക്കും സ്വകാര്യ സ്കൂൾ വകുപ്പ് അയക്കുകയും സ്കൂളുകളിൽ ഇവ കൃത്യമായി പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇംഗ്ലീഷ്, അറബിക് ഭാഷകളിലായാണ് ചാർട്ടർ പുറത്തിറക്കിയിരിക്കുന്നത്. സ്കൂളുകളിലെത്തുന്ന വിദ്യാർഥികൾ, ഉടമകൾ, ഭരണ നിർവഹണ വിഭാഗം, വിദ്യാഭ്യാസ കേഡർമാർ, രക്ഷിതാക്കൾ, ബോർഡ്സ്, ട്രസ്റ്റീസ് തുടങ്ങി വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ വ്യക്തികളെയും വകുപ്പുകളെയുമാണ് ചാർട്ടർ അഭിസംബോധന ചെയ്യുന്നത്.
ഉടമക്ക് മന്ത്രാലയത്തിനോടും സ്കൂളിനോടുമുള്ള കടമകൾ, പ്രിൻസിപ്പൽമാർ വിദ്യാർഥികൾ, ജീവനക്കാർ എന്നിവരോട് സ്വീകരിക്കേണ്ട മര്യാദകൾ, ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ട്രസ്റ്റീ ബോർഡ്, അഡ്മിനിസ്ട്രേഷൻ അംഗങ്ങൾ എന്നിവർക്കുള്ള മാർഗനിർദേശങ്ങൾ തുടങ്ങി 18 ആർട്ടിക്കികളുകളാണ് ചാർട്ടറിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.