???????? ???? ?????????? ???????? ???????

അത് ദൈവത്തിന്റെ കൈ ആയിരുന്നു...

ഈയടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ സ്ക്രിപ്റ്റ് ആയിരുന്നു ‘മറഡോണ’ എന്ന സിനിമയുടേത്. ഒരു ജിഗ്സോ പസിൽ പോലെ പ്രേക്ഷകനെക്കൂടി കളിയിൽ പങ്കാളികളാക്കിക്കൊണ്ട് ഇഴ നെയ്തൊരുക്കുന്ന ബ്രില്യൻസ് മറഡോണയുടെ നോൺലീനിയർ ക്രാഫ്റ്റിനുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ രചയിതാവായ കൃഷ്ണമൂർത്തിയോട് അല്പനേരം സംസാരിക്കാമെന്ന് വച്ചു..

‘മറഡോണ’ ചിത്രത്തി​​​​െൻറ തിരക്കഥാകൃത്ത്​ കൃഷ്​ണമൂർത്തി
 

ശൈലൻ: തുടക്കക്കാരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് എന്ന തോന്നലിനെ മറികടക്കുന്ന ഒരു ഗാംഭീര്യം മറഡോണയ്ക്കുണ്ട്. സ്ക്രിപ്റ്റ് ആണ് സിനിമയുടെ നട്ടെല്ല് എന്ന് പൂർണ്ണമായും വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ചോദിക്കുന്നു ‘മറഡോണ’ എന്ന തോട്ട്​ ആദ്യമായി കടന്നുവന്നത് നിങ്ങളിലാണോ അതോ സംവിധായകനിലാണോ?.
 
കൃഷ്​ണമൂർത്തി: തീർച്ചയായും മറഡോണ എന്ന ബേസിക്ക് തോട്ടും കഥാ രൂപവും എന്റെതായിരുന്നു. 2011ൽ എഴുതിത്തുടങ്ങുകയും അതിനു ശേഷം ‘ട്രാഫിക്’ എന്ന സിനിമയുടെ അസിസ്റ്റന്റ് ആയിരുന്ന വിഷ്ണുവിനോട് അത് പറയുകയും ചെയ്യുകയായിരുന്നു. 2013ൽ ഫസ്റ്റ് ഡ്രാഫ്റ്റ് രൂപപെട്ടു.

?. അതായത് മറഡോണ പിറന്നിട്ട് ആറേഴുകൊല്ലമായി എന്ന് സാരം. എങ്ങനെയായിരുന്നു അതിനു ശേഷമുള്ള നിങ്ങളുടെ സിനിമാനാൾവഴികൾ..?


= അതിനു ശേഷം 2014ൽ ഞാൻ ‘ടമാർ പടാറി’ലൂടെ അസിസ്റ്റന്റ് ആവുകയും അതിലൂടെ ദിലീഷ് പോത്തനുമായി ബന്ധമാവുകയും ‘മഹേഷിന്റെ പ്രതികാര‘ത്തിൽ ഞാനും വിഷ്ണുവും ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തു. പിന്നെ ‘അങ്കമാലി ഡയറീസി’ൽ വര്‍ക്ക്‌ ചെയ്തു. പല പ്രൊജക്റ്റുകളെക്കുറിച്ചും വിഷ്ണുവുമായി ചർച്ച ചെയ്തിരുന്നെങ്കിലും ‘മറഡോണ’യിൽ ആണ് ഞങ്ങൾക്ക് ഏറ്റവും എനർജി ലഭിച്ചത് അതിനാൽ തന്നെ ഇതുറപ്പിച്ചു.

സംവിധായകൻ വിഷ്​ണു നാരായണനും കൃഷ്​ണമൂർത്തിയും ടൊവിനോ തോമസും ‘മറഡോണ’ ഷൂട്ടിങ്ങിനിടയിൽ
 


 
?. സംവിധായകൻ എന്ന നിലയിൽ വിഷ്ണു നാരായണന്റെ പങ്കാളിത്തം എത്രത്തോളമുണ്ട്..?


= തുടക്കക്കാരനായ ഒരു റൈറ്റർ എന്ന നിലയിൽ നമ്മൾക്ക് ഒരുപാട് പറയാനുള്ള ഒരു പ്രവണത ഉണ്ടാവും. എനിക്ക് ഇതിനുമുൻപ് ‘അങ്കമാലി ഡയറീസി’ൽ ചെമ്പൻ ചേട്ടന്റെ സ്ക്രിപ്റ്റിൽ കൂടെയിരുന്ന എക്സ്പീരിയൻസ് മാത്രമേ ഉള്ളൂ. സ്ക്രിപ്റ്റിനെ ഷാർപ്പ് ആന്റ് ക്രിസ്പ് ആക്കാനുള്ള ഗൈഡൻസ് വിഷ്ണുവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടിയായതുകൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പവുമായി. തമിഴ് ഫ്ലേവറിലുള്ള ഒരു സിനിമ ആയിരുന്നു ആദ്യഘട്ടത്തിൽ എഴുതിയിരുന്നത്. ഇപ്പോൾ കാണുന്ന രീതിയിലേക്ക് പുരോഗമിച്ചതും തുടർ ചർച്ചകളിലൂടെയാണ്​.  

?. ആലോചിച്ച് നോക്കിയാൽ അത്ര പുതുമയുള്ളതെന്ന് പറയാവുന്ന ഒരു സ്റ്റോറിലൈൻ അല്ല മറഡോണയുടേത്. അതിനെ ഇപ്പോൾ കാണുന്ന ബ്രില്യൻസിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു..?
 
= തീർച്ചയായും വാൽമീകിയുടെ കാലം മുതലുള്ള ഒരു സ്റ്റോറിലൈൻ ആണ് നെഗറ്റീവ് ഗുണങ്ങൾ മാത്രമുള്ള ഒരു ഗുണ്ടയുടെ മാനസികപരിവർത്തനമെന്നത്. അതിൽ സീൻ വൈസ്, സീക്വൻസ്​ വൈസ്​ പുതുമയുള്ള ഒരു കഥപറച്ചിൽ രീതി കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചത്. സിനിമ ആരംഭിക്കുന്നത് ഒരു ഓട്ടത്തോടെ ആണ്. സിനിമ അവസാനിക്കുന്നതും ഒരു ഓട്ടത്തിലാണ്.. അതിനിടയിൽ ഉള്ള ഒരു മനുഷ്യന്റെ ജീവിതമാണ് സിനിമ. ആദ്യത്തെ ഓട്ടം അനിശ്ചിതത്വത്തോടെ ആയിരുന്നുവെങ്കിൽ അവസാനം കാണുന്ന ഓട്ടം കൃത്യമായ ലക്ഷ്യത്തോടെ ആണ്. ഒരാളുടെ ജീവിതത്തിലെ ഋതുമാറ്റങ്ങൾ ധ്വനിപ്പിക്കുന്ന ഒരുപാട് ലെയറുകൾ അതിനിടയിൽ സൂക്ഷ്മമായ് വിന്യസിക്കാൻ ശ്രദ്ധിച്ചിട്ടുമുണ്ട്.
 
? സൂക്ഷ്​മമായ ലെയറുകളെ ലിങ്ക് ചെയ്തുകൊണ്ട് നോൺലീനിയർ ക്രാഫ്റ്റിന്റെ ബ്രില്യൻസ് നിറഞ്ഞാസ്വദിച്ചതുകൊണ്ട് തന്നെയാണ് ഞാൻ നിങ്ങളോട് സംസാരിക്കാമെന്ന് തീരുമാനിച്ചത് തന്നെ. ഓട്ടം പോലെ വേറെയും ലേയറുകള്‍?


= സിനിമ തുടങ്ങുമ്പോള്‍ ‘മറഡോണ’ ഒരു പെട്ടി കടയില്‍ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങും. സിനിമ തീരുമ്പോള്‍ ഒരു സിഗരറ്റ് ആണ് വാങ്ങുന്നത്. തുടങ്ങുന്നത് ഒരു പച്ച പുല്ലിന്റെ ഇടയിലൂടെ ഉള്ള ഓട്ടമാണ്. തീരുമ്പോള്‍ ഉണങ്ങിയ പുല്ലിന്റെ ഇടയിലൂടെയും. ഒരു സീസോണല്‍ ചേഞ്ച്‌. പൂട്ടി കിടക്കുന്ന ഫ്ലാറ്റ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ജയില്‍ ആണ്. യഥാര്‍ത്ഥ ജയിലില്‍ ഒരുപക്ഷേ, ഇതുപോലെ ചുറ്റും നല്ലവര്‍ ആയിരുന്നെങ്കിൽ ഒരു വ്യക്തി അൽപം മാറാന്‍ സാധ്യത ഉണ്ട് എന്ന തോന്നല്‍. ആശ എന്ന് നായികക്ക് പേരിനു കാരണം അവള്‍ ആണ് അവന്‍റെ ഹോപ്പ്. നാഗവല്ലി സീനില്‍ ബാക്ക് ഗ്രൗണ്ട് സ്കോര്‍ അസുര വാദ്യമായ ചെണ്ടമേളം എങ്കില്‍ പ്രാവിനെ രക്ഷിക്കുന്ന സീനില്‍ ദേവ വാദ്യമായ വീണയാണ് നമ്മള് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ചില ലേയറുകള്‍..

? പക്ഷേ, രണ്ടാം പകുതിയിലെ ചില സീനുകൾ ക്ലീഷെ ആയെന്നും അഭിപ്രായമുണ്ട്. ഉദാഹരണം മറഡോണ പ്രാവിൻ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഭാഗമൊക്കെ. എന്തുപറയുന്നു?
 
= ദൈവത്തിന്റെ കൈ എന്നൊരു കൺസെപ്റ്റ് ആയിരുന്നു അതി​​​​​െൻറ പിന്നിൽ. ഒരുപാട് ക്രൈമുകൾ ചെയ്ത ഒരാളുടെ ആദ്യത്തെ ഒരു നല്ല പ്രവൃത്തി എന്ന നിലയിൽ ആ സീൻ നിർണായകമായിരുന്നു. ക്ലീഷെ ആയാലോന്ന് കരുതി അവോയിഡ് ചെയ്താലോന്ന് കരുതിയപ്പോൾ സീനിയേര്‍സ് പറഞ്ഞത്, ചില ക്ലീഷെകൾ എത്ര ക്ലീഷെയാണെന്ന് പറഞ്ഞാലും ചില സന്ദർഭങ്ങളിൽ അത്യാവശ്യമാണ് എന്നാണ്. ഒരു രംഗം മാറ്റിയാൽ പോലും വികലമാകും മട്ടിൽ ഒരു എഡിറ്റേഴ്സ് സ്ക്രിപ്റ്റ് സ്പോർട്​സ്​മാൻ സ്പിരിറ്റോടെ തയ്യാറാക്കാൻ ശ്രദ്ധിച്ചിരുന്നത് കൊണ്ട് ആ സീൻ അങ്ങനെ ഒഴിവാക്കാൻ സാധ്യവുമല്ലായിരുന്നു. നിങ്ങൾ ഉൾപ്പടെ ചിലർക്ക് അത് അത്ര കൺവിൻസിങ്​ ആയില്ല എന്നത് ഒരു പിഴവായി അംഗീകരിക്കുന്നു. പിഴവുകൾ ഉണ്ടാവുമ്പോഴാണല്ലോ തിരുത്താനും അടുത്ത വർക്കിൽ വേറെ പിഴവുകൾ വരുത്താനുമാകുന്നത്.
 
?. യഥാർത്ഥത്തിൽ മറഡോണയുടെ പരിവർത്തനം അതിനുമുൻപ് തന്നെ തുടങ്ങിയിരുന്നു അല്ലേ..?

= തീർച്ചയായും.. നരേഷ് ആക്രമിക്കപ്പെട്ടപ്പോൾ അവന് ലഭിക്കുന്ന സ്നേഹം മറഡോണയ്ക്ക് ഒരു പുതുമയുള്ള അനുഭവമായിരുന്നു. ‘‘അടിക്കറത് മട്ടും പവർ ഇല്ലങ്കേ.. അതെ തടയിറ ഇമോഷനുക്ക് താൻ ജാസ്തി പവർ വേണ്ടും..” എന്ന നരേഷിന്റെ വാക്കുകളും അവനിൽ മാറ്റത്തിന്റെ വിത്തിട്ടു. തുടർന്ന് ആശയും അവനോട് ചോദിക്കുന്നു ‘‘ഒട്ടും തയ്യാറല്ലാത്ത ഒരു എതിരാളിയെ അടിച്ചിടുന്നതിൽ എന്ത് ആണത്തമാടാ ഉള്ളത്...?’’ എന്ന്..
 
?. മറഡോണ എങ്ങനെ ആണ് ടോവിനോയിൽ എത്തിയത്. എത്രയുണ്ടായിരുന്നു ആ ക്യാരക്റ്ററിൽ ടോവിനോയുടെ മനോധർമ്മം..?
 
= എ.ബി.സി.ഡി പോലുള്ള പടങ്ങളിൽ നെഗറ്റീവ് ക്യാരക്റ്റേഴ്സിനെ രസകരമായി ചെയ്തിട്ടുള്ളതുകൊണ്ട് ‘മറഡോണ’ ടൊവീനോയോട് പറയാമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. 2016ൽ ‘ഗോദ’യുടെ സെറ്റിൽ വച്ചാണ് ടോവീനോയോട് കഥ പറയുന്നത്. ഇഷ്ടമായതിനാൽ തന്നെ 2017 ഫെബ്രുവരിയിലേക്ക് ഡേറ്റ്​ തരികയും ചെയ്തു. ടൊവിനോയുടെ പെർഫോമൻസ് പൂർണമായും തൃപ്തികരമാണ്. പ്രാവിനെ രക്ഷിച്ച ശേഷം ഞാനൊന്ന് കരഞ്ഞോട്ടെ എന്ന് ടോവീനോ ചോദിക്കയായിരുന്നു. ആ ക്യാരക്റ്റർ അത്രത്തോളം അയാളെ ആവേശിച്ചിരുന്നു.


 
?. എത്രത്തോളം സംതൃപ്തനാണ് ഈ ദിനങ്ങളിൽ..?


= നൂറു ശതമാനം തൃപ്തനാണ്. മനസ്സ്​ ഇടുക്കി ഡാം പോലെ നിറഞ്ഞുനിൽക്കുന്നു.
 
?. സിനിമ തന്നെയാണോ നിങ്ങളുടെ മുഖ്യ അജൻഡ? എന്താണ് ഭാവി പദ്ധതികൾ.. സംവിധാനം ലക്ഷ്യമിടുന്നുണ്ടോ?


= ചെന്നൈയിൽ ഒരു സ്ഥാപനത്തിൽ ഫിനാൻഷ്യൽ മാനേജർ ആയി വർക്ക് ചെയ്യുകയായിരുന്നു. അതുപേക്ഷിച്ച്​ സിനിമയിലേക്ക് വന്നത് ഇതാണ് മാർഗമെന്ന് തിരിച്ചറിഞ്ഞാണ്. വിഷ്ണുവുമായും ടിനുപാപ്പച്ചനുമായുമൊക്കെ ചില പ്രൊജക്റ്റുകൾ സംസാരിച്ചിട്ടുണ്ടെങ്കിലും ഒന്നും എടുത്തുചാടി കമ്മിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നാലു നല്ല സ്ക്രിപ്റ്റൊക്കെ ചെയ്ത് ബയോഡാറ്റ ഒന്ന് സ്ട്രോംഗ് ആയ ശേഷം സംവിധാനത്തിലേക്ക് കടക്കാമെന്നും കരുതുന്നു.

Tags:    
News Summary - Interview with Krishna Murthi script writer of Maradon Movie -movies interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.