തപ്സി പന്നുവിനേയും സ്വരഭാസ്ക്കറിനേയും ലക്ഷ്യം വെച്ചുകൊണ്ട് കങ്കണ റണൗട്ടിന്‍റെ ഡിജിറ്റൽ ടീം നടത്തുന്ന അധിക്ഷേപങ്ങളും തുടർന്നുള്ള മറുപടികളും കൊണ്ട് ഹിന്ദി സിനാമാരംഗത്തെ നായികമാർക്കിടയിലെ ട്വിറ്റർ പോര് മുറുകുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ തപ്സിയേയും സ്വര ഭാസ്ക്കറിനേയും 'ബി ഗ്രേഡ് ആർട്ടിസ്റ്റുകൾ' എന്ന് കങ്കണ വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
'ചിലർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഫിലിം ഇൻഡസ്ട്രിയിലും പയറ്റുന്നത്. നാം പരസ്പരം പൊരുതുകയല്ല ചെയ്യേണ്ടത്. സിനിമാ വ്യവസായത്തിൽ നന്നായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യത്തിനും അവസരത്തിനും വേണ്ടി ഒന്നിച്ച് നിന്ന് പോരാടുകയാണ് വേണ്ടത്.' എന്നായിരുന്നു തപ്സി പന്നു കങ്കണക്ക് ട്വിറ്ററിലൂെട നൽകിയ മറുപടി.
തിരക്കഥാകൃത്തായ കനിക ധില്ലൻ തപ്സിയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതും കങ്കണയുടെ ഡിജറ്റൽ ടീമിനെ ചൊടിപ്പിച്ചു. ഹിന്ദി സിനിമാരംഗത്തെ കഴിഞ്ഞ വർഷത്തെ മികച്ച നടിയായാണ് കനിക തപ്സിയെ വിലയിരുത്തിയത്. തപ്സി അഭിനയിച്ച കഴിഞ്ഞ വർഷത്തെ 5 സിനിമകളും 352 കോടിയിലേറെ കളക്ഷൻ നേടിയെന്നും കനിക ട്വീറ്റ് ചെയ്തു.
ബോക്സ് ഓഫിസ് ഹിറ്റുകളായ ഈ അഞ്ച് സിനിമകളും പുരുഷാധിപത്യ സിനിമകളായിരുന്നുവെന്നും സോളോ ഹിറ്റ് നൽകാൻ തപ്സിക്കായില്ല എന്നുമായിരുന്നു കങ്കണയുടെ ഡിജിറ്റൽ ടീമിന്‍റെ കനികക്കുള്ള മറുപടി.
കങ്കണയുടെ 'ബി ഗ്രേഡ് ആർട്ടിസ്റ്റ്' പരാമർശത്തെ വിമർശിച്ച സ്വര ഭാസ്ക്കറിനോടും നിലവാരമില്ലാത്ത രീതിയിലാണ് കങ്കണയുടെ ഡിജിറ്റൽ ടീം പ്രതികരിച്ചത്. തപ്സിയും സ്വര ഭാസ്ക്കറും വെരിഫൈഡ് അക്കൗണ്ടിൽ നിന്നുമാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. എന്നാൽ കങ്കണയുടെ ടീമിന്‍റെ ട്വീറ്റുകളെല്ലാം വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്.
തപ്സിയുടെ പക്വതയാർന്ന മറുപടിയെ അഭിനന്ദിച്ചുകൊണ്ട് നടി സോനാക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.