മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് നടിയും സുശാന്തിെൻറ കാമുകിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ട ശേഷം ‘സുശാന്തിെൻറ മരണം ആത്മഹത്യയല്ല’ എന്ന കാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങാകുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തു കൊണ്ടാണ് സി.ബി.െഎ അന്വേഷണം അഭ്യർഥിച്ച് റിയ ട്വീറ്റ് ചെയ്തത്. അതിനുശേഷമാണ് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
‘ബഹുമാന്യനായ അമിത് ഷാ സാർ, ഞാൻ സുശാന്ത് സിങ് രജ്പുത്തിെൻറ കാമുകി റിയ ചക്രവർത്തി. അദ്ദേഹത്തിെൻറ മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. എനിക്ക് സർക്കാറിൽ പൂർണ വിശ്വാസമുണ്ട്. എങ്കിലും നീതി നടപ്പിലാക്കപ്പെടണമെന്ന ആഗ്രഹത്താൽ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിക്കാൻ ഞാൻ കൈകൂപ്പി അഭ്യർഥിക്കുകയാണ്. ഇങ്ങനെയൊരു നീക്കത്തിന് സുശാന്തിനെ പ്രേരിപ്പിച്ച സമ്മർദം എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു’- എന്നായിരുന്നു റിയയുടെ ട്വീറ്റ്.
ഇതേ തുടർന്ന് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആകുകയും സുശാന്ത് ആത്മഹത്യ ചെയ്തതല്ല എന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തുകയുമായിരുന്നു. ‘സുശാന്തിെൻറ മരണം സി.ബി.െഎ അന്വേഷിക്കുക’, ‘ഞങ്ങൾക്ക് നീതി വേണം’ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആരാധകരിൽ നിന്നുയർന്നത്.
അഭിമുഖങ്ങളിൽ ജീവിതത്തെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളാണ് സുശാന്ത് പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിെൻറ ലക്ഷ്യങ്ങൾ നല്ല ദിശയിലായിരുന്നെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടി. ബോളിവുഡിലെ സ്വജനപക്ഷപാതം കാരണം സിനിമകൾ നഷ്ടമായെങ്കിലും താൻ അഭിനയം എന്ന അഭിനിവേശം ഉപേക്ഷിക്കുകയില്ലെന്ന് സുശാന്ത് ഉറപ്പിച്ചിരുന്നെന്നും അദ്ദേഹം ആത്മഹത്യ ചെയ്തെന്ന് വരുത്തി ആളുകളെ മണ്ടന്മാരാക്കേണ്ടയെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അതേസമയം, റിയയുടെ ആവശ്യത്തിൽ പ്രതിഷേധവുമായും ഒരു വിഭാഗം രംഗത്തെത്തി. റിയയുടെ പ്രവൃത്തി വെറും നാടകമാണെന്നും സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ.
അതിനിടെ, തനിക്കെതിരെ ചിലർ ഭീഷണി മുഴക്കിയെന്നും റിയ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നായിരുന്നു സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.