തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമീഷൻ റിപ്പോർട്ട് പുറത്തു വിടാത്തതിൽ വിമൻ ഇൻ സിനിമ കളക്ടീവിന് ആശങ്ക. ഇക്കാര്യത്തിൽ ശ്രദ്ധയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
2017 മെയ് 17ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷാ നിർഭരമായിരുന്നു. തുടർന്നാണ് സിനിമാ മേഖലയിൽ ദേശീയ തലത്തിൽ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർഥിച്ചാണ് വിമെൻ ഇൻ സിനിമാ കളക്ടീവ് സർക്കാരിന് നിവേദനം നല്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വർഷം 2017 മെയ് 17ന് വിമെൻ ഇൻ സിനിമl കളക്ടീവിലെ അംഗങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം പ്രതീക്ഷാനിർഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്.
ഈ കൂടിക്കാഴ്ചയെ തുടർന്ന് സിനിമാ മേഖലയിൽ ദേശീയ തലത്തിൽ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉൾക്കാഴ്ചയോടെയും പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകൾ നിർദ്ദേശിക്കുന്നതിനും അത്തരമൊരു പoന റിപ്പോർട്ടിന് കഴിയുമെന്ന് ഞങ്ങൾക്കും ഉറപ്പുണ്ട്.
ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷൻ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാർത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങൾ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കാൻ സാധിക്കില്ല എന്നത് ഏവർക്കും അറിവുള്ള താണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർത്ഥിച്ചാണ് w cc സർക്കാരിന് നിവേദനം നല്കിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടൽ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് WCC പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.