മൊയ്തീനില്‍’ ആരൊക്കെ വേണമെന്ന് പറയാനുള്ള അധികാരം പൃഥ്വിരാജിനുണ്ട് –എം. ജയചന്ദ്രന്‍

തിരുവനന്തപുരം: ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയില്‍ ആരൊക്കെ വേണം, എന്തൊക്കെ വേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം നടന്‍ പൃഥ്വിരാജിനുണ്ടെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. പ്രസ്ക്ളബിന്‍െറ  ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് ക്ഷണിച്ചതനുസരിച്ചാണ് സിനിമക്കായി പാട്ടുകള്‍ ചെയ്തത്. പൃഥ്വിരാജ് സിനിമയുടെ നായകന്‍ മാത്രമായിരുന്നില്ല, സിനിമയുടെ തുടക്കം മുതല്‍ സംവിധായകന്‍ വിമലിനൊപ്പം അദ്ദേഹവും സജീവമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ ആരു വേണം, എന്ത് വേണ്ട എന്ന് പറയാനുള്ള അധികാരം പൃഥ്വിരാജിനുണ്ടായിരുന്നു. അതൊരു സൂപ്പര്‍താരത്തിന്‍െറ അഭിപ്രായമായി താന്‍ കാണുന്നില്ല. പൃഥ്വിരാജിന്‍െറ നിര്‍ദേശങ്ങള്‍ ഏറെ ഉപകാരപ്രദവുമായിരുന്നു.

സൂപ്പര്‍താരങ്ങളാണ് സംഗീതസംവിധായകരെയും സിനിമാഗാനങ്ങളെയും നിശ്ചയിക്കുന്നതെന്ന രമേശ് നാരായണന്‍െറ വിമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രമേശ് നാരായണന്‍െറ കൂടി സമ്മതത്തോടെയാണ് പാട്ടുകള്‍ ചെയ്തതെന്നായിരുന്നു മറുപടി. ‘എന്ന് നിന്‍െറ മൊയ്തീനി’ലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടാത്തതില്‍ സങ്കടമില്ല. അര്‍ഹിക്കുന്ന വ്യക്തിക്കുതന്നെയാണ് അവാര്‍ഡ് ലഭിച്ചത്. രമേശ് നാരായണന്‍  മികച്ച സംഗീത സംവിധായകനാണ്. ജൂറിയില്‍ ഉണ്ടായിരുന്നത് ശരത്താണ്.  എന്‍െറ ഗാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്നതില്‍ ശരത്തിന് എന്തെങ്കിലും വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. അത് വളരെ സന്തോഷത്തോടെ അംഗീകരിക്കുന്നു.

പാട്ടിന് അനുയോജ്യമായ ശബ്ദം നോക്കിയാണ് താന്‍ ഗായികയെയും ഗായകനെയും നിശ്ചയിക്കുന്നത്. അവരുടെ ജാതിയും മതവും ദേശവും നോക്കിയിട്ടില്ല. ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും പ്രശസ്ത ഗായകരെ ഉള്‍ക്കൊള്ളിച്ചുള്ള ഇന്തോ-അറേബ്യന്‍ സിംഫണിയൊരുക്കുക എന്ന മോഹം മനസ്സിലുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.