നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഗണേഷ് കുമാർ-ജഗദീഷ് വിവാദത്തിന് വിശദീകരണവുമായി സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍. ക്ഷണിക്കാത്തതു കൊണ്ടാണ് ജഗദീഷിന്‍റെ ഇലക്ഷൻ പ്രചാരണത്തിന് പോകാതിരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് തന്നെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. ഒരു സ്ഥലത്ത് പ്രചാരണത്തിന് പോയാൽ മറ്റൊരു സ്ഥലത്തും പോകണമെന്ന ഒരു നിയമവുമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
രാഷ്ട്രീയമല്ല, സ്വന്തം ഇഷ്ടമാണ് ഗണേഷിന്റെ പ്രചാരണത്തിന് തന്നെ എത്തിച്ചത്. താൻ ഒരു കക്ഷി രാഷ്ട്രീയത്തിന്‍റേയും ആളല്ല. ജഗദീഷ് തന്‍റെ അനിയനല്ലെന്നും സഹോദരന്‍റെ കൂടെ പഠിച്ച ആളാണെന്നും ലാൽ പറഞ്ഞു.
മലയാള സിനിമയിൽ തിരുവനന്തപുരത്തെ നായർ ലോബി പ്രവർത്തിക്കുന്നുവെന്ന ആരോപണം ചിലരുടെ സൃഷ്ടി മാത്രമാണ്. ഈ ആരോപണം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നില്ലെന്നും മോഹൻലാൽ സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
പത്തനാപുരം മണ്ഡലത്തിൽ ഇടതു സ്ഥാനാര്‍ഥി കെ.ബി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. ഒരു താരത്തിന് വേണ്ടി മാത്രം മോഹൻലാൽ പ്രചാരണത്തിന് പോയതിൽ പ്രതിഷേധിച്ച് അമ്മ അംഗത്വം സലിംകുമാർ രാജിവെക്കുകയും ചെയ്തു.
നടന്മാരായ കെ.ബി ഗണേഷ് കുമാർ (എൽ.ഡി.എഫ്), ജഗദീഷ് (യു.ഡി.എഫ്), ഭീമൻ രഘു (ബി.ജെ.പി) എന്നിവരായിരുന്നു പത്തനാപുരത്തെ സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.