കോഴിക്കോട്: സിനിമ, നാടക രംഗത്ത് നിറഞ്ഞുനിന്ന കെ. അബ്ദുല്ല എന്ന കെ.ടി.സി. അബ്ദുല്ല (82) വിടവാങ്ങി. അസുഖത്തെ തുടർന്ന് കുറച്ചുനാളായി കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അന്ത്യം. പന്നിയങ്കര പാർവതിപുരം റോഡിലെ ‘സാജി നിവാസി’ലായിരുന്നു താമസം.
1936ൽ കോഴിക്കോട് പാളയം കിഴക്കേ കോട്ടപറമ്പിൽ ഉണ്ണിമോയിന്‍റെയും ബീപാത്തുവിന്‍റെയും മകനായി ജനിച്ച അബ്ദുല്ല 13ാം വയസിലാണ് നാടകാഭിനയത്തിലേക്ക് കടന്നത്. ബൈരായിക്കുളം സ്‌കൂൾ, ഹിമായത്തുല്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്തു തന്നെ നാടകരചനയും അഭിനയവും സംവിധാനവും തുടങ്ങി. സുഹൃത്തുക്കളായ കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി (യു.ഡി.എ) രൂപീകരിച്ച് 18ാം വയസിൽ നാടകത്തിൽ സജീവമായി.
മലബാര്‍ നാടകോത്സവത്തില്‍ എ.കെ പുതിയങ്ങാടിയുടെ ‘കണ്ണുകള്‍ക്ക് ഭാഷയുണ്ട്’ എന്ന നാടകം കളിച്ചപ്പോള്‍ നടിയുടെ അഭാവത്തില്‍ അബ്ദുല്ല സ്ത്രീവേഷം അണിഞ്ഞു. കെ.പി ഉമ്മറിനെ പെണ്‍വേഷം കെട്ടിച്ച് അരങ്ങിലെത്തിച്ച ‘വമ്പത്തീ നീയാണ് പെണ്ണ്’ എന്ന പി.എന്‍.എം ആലിക്കോയയുടെ നാടകത്തിൽ അബ്ദുല്ലക്കും ഒരു പെണ്‍വേഷം നല്‍കി. പിന്നീട് നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അരങ്ങിലെത്തിച്ചു. റേഡിയോ നാടകങ്ങളിലും സജീവമായി.
1959ൽ കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെ കെ.ടി.സി അബ്ദുല്ല എന്ന പേര് ലഭിച്ചു. കെ.ടി.സി ഗ്രൂപ്പ് ‘ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സി’ന്‍റെ ബാനറിൽ സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുല്ല സിനിമയുടെ അണിയറയിലും എത്തി. 77ൽ രാമു കാര്യാട്ടിന്‍റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയം തുടങ്ങിയത്.
40 വർഷത്തിനിടെ 50തോളം ചലച്ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ചു. ‘കാണാക്കിനാവി’ലെ അധ്യാപകൻ, ‘കാറ്റത്തെ കിളിക്കൂടി’ലെ റിക്ഷക്കാരൻ, ‘അറബിക്കഥ’യിലെ അബ്ദുക്ക, ‘യെസ് യുവർ ഓണറി’ലെ കുഞ്ഞമ്പു, ‘ഗദ്ദാമ’യില ഗൾഫുകാരൻ, ‘സുഡാനി ഫ്രം നൈജീരിയ’യിലെ പേരില്ലാത്ത കഥാപാത്രംതുടങ്ങി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമക്കൊപ്പം സീരിയലുകളിലും അബ്ദുല്ല അഭിനയിച്ചിരുന്നു.
‘മുഹബ്ബത്തിൽ കുഞ്ഞബ്ദുള്ള’ എന്ന സിനിമയിൽ അഭിനയിച്ചു വരുകയായിരുന്നു. ഭാര്യ: ഖദീജ. പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ ഗഫൂർ, ഹുമയൂൺ കബീർ, മിനു ഷരീഫ, ഷാജിത, ഷറീജ. മരുമക്കൾ: എം.എ. സത്താർ, മുസ്തഫ, ബി.എ. സലീം, സാജിറ, മുബഷിറ. ഖബറടക്കം ഞായറാഴ്ച 12.30ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.