തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം തുടരുന്നു. ചലച്ചിത്ര അക്കാദമിയിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരൻ രാജിവെച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. ചലച്ചിത്രഅക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ അടക്കം ജനറൽ കൗൺസിൽ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് ഒപ്പിട്ടത്. ഇവരോടൊപ്പം നിവേദനത്തിൽ സി.എസ്. വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു.
ദേശീയ പുരസ്കാരം രാഷ്ട്രപതി നല്കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്കുന്ന ചടങ്ങാണ് കേരളത്തിലും വേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയാണ് പുരസ്കാരം നല്‍കേണ്ടത്. മുഖ്യാതിഥിയെ ക്ഷണിക്കുന്നത് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പ്രതിഷേധക്കാരെ പിന്തള്ളി നടൻ മോഹൻ ലാലിനെ പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാഥിതിയായി ക്ഷണിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.