അവള്‍ ഞങ്ങളുടെ മകള്‍, സഹോദരി -ഇന്നസെന്‍റ്

കൊച്ചി: സിനിമനടിക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതികരണം ഒഴിവാക്കിയത് പൊലീസ് നിര്‍ദേശം മാനിച്ചാണെന്ന വിശദീകരണവുമയി താരസംഘടന അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി. സംഭവത്തില്‍ ‘അമ്മ’യും ചലച്ചിത്രപ്രവര്‍ത്തകരും ഹൃദയംകൊണ്ട് അവരോട് ചേര്‍ന്നുനില്‍ക്കുകയാണെന്ന് ഫേസ്ബുക്ക് പേജില്‍ അമ്മ പ്രസിഡന്‍റ് പ്രതികരിച്ചു. 
‘‘നമ്മിലൊരാള്‍ക്കുനേരെ കഴിഞ്ഞദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസ്സിലേല്‍പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്, സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം’’ -ഫേസ്ബുക്ക് പോസ്റ്റില്‍ ഇന്നസെന്‍റ് ആവശ്യപ്പെട്ടു. 
‘‘ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വരനടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പുനല്‍കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പൊലീസിന്‍െറ അഭ്യര്‍ഥനകൂടി കണക്കിലെടുത്താണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടത്’’ എന്നും വിശദീകരിക്കുന്നു. ‘‘സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുദയയുമില്ലാതെ കര്‍ശനമായി നേരിടുകതന്നെ വേണം. പൊലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു’’ -ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

Tags:    
News Summary - innocent's comments on bhavana case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.