ന്യൂഡൽഹി: ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചുവാങ്ങാൻ എം.ടി. വാസുദേവൻ നായർ സമർപ്പിച്ച ഹരജിയിലെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സംവിധായകൻ വി.എ. ശ്രീകുമാർ സമർപ്പിച്ച ഹരജിയിൽ എം.ടിക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. നാലാഴ്ചക്കകം മറുപടി നൽകണം.
ഭീമന്റെ കഥ പറയുന്ന ‘രണ്ടാമൂഴം’ സിനിമയാക്കാൻ 2014ൽ എം.ടിയും ശ്രീകുമാറും കരാറിലേർപ്പെട്ടിരുന്നു. അഞ്ചുവർഷമായിട്ടും സിനിമയെടുക്കാത്തതിനെതുടർന്ന്, തിരക്കഥ തിരിച്ചുചോദിച്ചാണ് എം.ടി കോഴിക്കോട് കോടതിയെ സമീപിച്ചത്. മധ്യസ്ഥതക്കായുള്ള ശ്രീകുമാറിെൻറ ശ്രമം എം.ടി തള്ളി. ഹൈകോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ശ്രീകുമാർ സുപ്രീംകോടതിയിലെത്തിയത്.
എം.ടിയുമായുണ്ടാക്കിയ കരാറിൽ തർക്കങ്ങൾ പരിഹരിക്കാൻ ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുൻസിഫ് കോടതിയെ സമീപിച്ചതിനെയാണ് വി.എ. ശ്രീകുമാർ ചോദ്യം ചെയ്തത്. ആർബിട്രേഷൻ നിലനിൽക്കുമോയെന്ന് മുൻസിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്ന് സംവിധായകൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.