30 മണിക്കൂര്‍ നീണ്ട ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം തമിഴ് താരം വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ചിത്രീകരണ സ്ഥലത്ത് തിരിച്ചെത്തി. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും അണിയറപ്രവര്‍ത്തകരും സ്വീകരിച്ചത്.
തിരികെ വന്ന താരം വാര്‍ത്താ സമ്മേളന ം നടത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയ്‍യുടെ പ്രതികരണത്തിനായും ആരാധകര്‍ കാത്തിരിപ്പിലാണ്.
വിജയ്‍യുടെ വീട്ടിലും സിനിമ നിർമാണ കമ്പനിയായ എ.ജി.എസിൻെറയും വിതരണ കമ്പനിയുടെയും സിനിമക്ക് വായ്പ നൽകുന്ന അൻമ്പു ചെഴിയൻെറ കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നിരുന്നു. 38 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായാണ് ആദായ നികുതി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചത്.
ചെന്നൈയിലെയും മധുരൈയിലെയും രഹസ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും കുറിപ്പുകളും ചെക്കുകളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 'ബിഗിൽ' സിനിമയുടെ ചെലവും ലാഭവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. വിജയ് കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കും അന്വേഷണത്തിൽ ഉൾപ്പെടും. നടൻെറ ഭാര്യയെയും ചോദ്യം ചെയ്തതായാണ് വിവരം.
വിജയ് നായകനായ ബിഗിലിൻെറ നിർമാതാക്കളായ എ.ജി.എസ് സിനിമാസിന് വായ്പ നൽകിയത് അൻമ്പു ചെഴിയനായിരുന്നു. സിനിമ നിർമാണത്തിന് വായ്പ കൊടുക്കുന്നതിൽ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് അൻമ്പു ചെഴിയൻ. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
LATEST VIDEOS:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.